എക്സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ്, ബിജെപി സര്‍ക്കാര്‍ പകപോക്കുകയാണെന്നും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദത്തെ അക്ഷരാര്‍ഥത്തില്‍ പൊളിച്ചടുക്കി. അന്വേഷണവും ചോദ്യം ചെയ്യലുകളും പരിശോധനകളും എല്ലാം നിയമാനുസൃതമാണെന്നാണ് കോടതി വിധി തെളിയിക്കുന്നത്.
വീണാ വിജയന്റെ എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും വ്യക്തമാകുകയും മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വീണക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്, കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസ്(എസ്എസ്ഐഒ) വീണയുടെ എക്സാലോജിക്കിനെതിരെ അന്വേഷണം തുടങ്ങിയത്. പ്രാഥമിക അന്വേഷണം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
വിപുലവും വിശദവുമായ അന്വേഷണത്തിന് കേന്ദ്രം നിര്‍ദ്ദേശിച്ചശേഷം ഉന്നത ഉദ്യോഗസ്ഥ സംഘമാണ് വിഷയം അന്വേഷിക്കുന്നത്. ഇവര്‍ എക്സാലോജിക്കില്‍ നിന്നും വീണയ്ക്കും പിണറായിക്കും എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്കും കോഴ നല്കിയ ശശിധരന് കര്‍ത്തയുടെ കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും, ഈ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അന്വേഷണത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയുമായി കെഎസ്ഐഡിസി കേരള ഹൈക്കോടതിയിലുണ്ട്. വീണ തന്റെ സ്ഥാപനം നിലനിന്നിരുന്ന കര്‍ണാടകത്തിലെ ഹൈക്കോടതിയെയാണ് സമീപിച്ചത്.
കേസും തുടര്‍ നടപടികളും നിയമാനുസൃതമാണെന്ന് ഇതിനകം വ്യക്തമായി. എന്നാല്‍ അന്വേഷണം മുറുകിയതോടെ, ഇരവാദവുമായി ഇറങ്ങുകയായിരുന്നു പാര്‍ട്ടി. സിപിഎം തന്നെ വീണയുടെ രക്ഷയ്ക്ക് എത്തിയത് വിവാദവുമായി. വീണയെയും അതുവഴി മുഖ്യമന്ത്രിയേയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്നാണ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്.
വീണയുടെ ഹര്‍ജി തള്ളുകയും അന്വേഷണം തുടാന്‍ കോടതി പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാണെന്ന രാഷ്ട്രീയ ആരോപണം തകര്‍ന്നു. ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയിലും അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നല്കിയ ഹര്‍ജിയിലും അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം നടക്കട്ടേയെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തു. അതോടെ തന്നെ വേട്ടയെന്ന ആരോപണം പാടെ പൊളിഞ്ഞിരുന്നു. ഇപ്പോള്‍ അത് പൂര്‍ണ്ണമായി.
കോടതിയുടെ വിശദമായ നിരീക്ഷണങ്ങള്‍ ഇന്ന് രാവിലെ പത്തരയ്ക്ക് പുറത്തുവിടുമെന്നാണ് ജസ്റ്റിസ് നാഗ്രത്ന പറഞ്ഞിരിക്കുന്നത്. അതും, കേരള ഹൈക്കോടതി വിധികളും പുറത്തുവരുന്നതോടെ മാസപ്പടി അടക്കമുള്ള വിഷയങ്ങളില്‍ ന്യായീകരണം അസാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: