കോഴിക്കോട്: വയനാട്ടില്‍ മാത്രം രണ്ടാഴ്ചക്കുള്ളില്‍ കാട്ടാനകള്‍ എടുത്തത് രണ്ടു മനുഷ്യജീവനുകളാണ്. ഈ വര്‍ഷം കൊല്ലപ്പെട്ടത് മൂന്നു പേരും.
അജിയെന്ന കര്‍ഷകനെ കൊലപ്പെടുത്തിയ മോഴയെ ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. മാത്രമല്ല ബേലൂര്‍ മഖ്നയെന്ന മോഴയ്ക്കൊപ്പം മറ്റൊരു മോഴ കൂടി വയനാട്ടിലെ ജനവാസ മേഖലയില്‍ എത്തുകയും ചെയ്തു. ഇവയെ പിടിക്കാന്‍ സകല സന്നാഹങ്ങളുമായി വനംവകുപ്പ് കാടിളക്കി നടക്കുമ്പോഴാണ്, കുറുവ ദ്വീപിനു സമീപം പോള്‍ എന്ന വനംവകുപ്പ് ജീവനക്കാരന് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്.
ഇതിനിടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ഒരു കടുവയെ പിടികൂടി കൊണ്ടുപോകുമ്പോള്‍ അത് ചത്തു. അതിനു
പിന്നാലെ അജിയെന്ന കര്‍ഷന്റെ ജീവനെടുത്ത സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരു കടുവ കൂടി ഇറങ്ങിയതായും കണ്ടെത്തി. റോഡിലെന്നല്ല, സ്വന്തം വീടുകളില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ലെന്ന അവസ്ഥയാണ് വയനാട്ടിലും ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിലും. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് തണ്ണീര്‍ കൊമ്പന് എന്ന ആന വയനാട്ടില്‍ ഭീതി വിതച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിനെ പിടികൂടിയെങ്കിലും ആന ചരിഞ്ഞു. അതിനൊപ്പം നാട്ടിലിറങ്ങിയ ആനയാണ് ബേലൂര്‍ മഖ്നയും. മഖ്ന ഇറങ്ങിയ കാര്യം കര്‍ണാടക സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതുമാണ്. എന്നിട്ടും കേരളം അനങ്ങിയില്ല. മോഴ ഒരു ജീവന് എടുത്ത ശേഷമാണ് അതിനെ പിടിക്കാന്‍ ഇറങ്ങിയത്. കഴിഞ്ഞ പലദിവസങ്ങളിലും ആനയെ വെടിവയ്ക്കാനുള്ള വിദഗ്ധ സംഘം ആനയുടെ അടുത്തു വരെ എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ വെടിവയ്ക്കാന്‍ സാധിച്ചില്ലെന്നാണ് പറയുന്നത്. ആന മുങ്ങിക്കളിക്കുകയാണത്രേ.
ആന ഇറങ്ങിയെന്ന വിവരം ലഭിച്ച സമയത്ത് മുന്‍കരുതല്‍ എടുത്തിരുന്നുവെങ്കില്‍ അജിയെന്ന കര്‍ഷകന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലേയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ആനയടക്കമുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണങ്ങളുണ്ട്. വെള്ളവും തീറ്റയും കുറയുന്നതാണ് പ്രധാന കാരണം. ഇവ ഉറപ്പാക്കാന്‍ കാടിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് കുടിവെള്ള ലഭ്യതയുറപ്പാക്കുകയോ ചില മേഖലകളില്‍ എങ്കിലും പുല്ലു പോലുള്ളവ വ്യാപമായി നട്ടുപിടിപ്പിക്കുകയോ ചെയ്താല്‍ ഇവയുടെ ശല്യം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യസമയത്ത് അത് ചെയ്യാത്തതാണ് അവ നാട്ടിലിറങ്ങാന്‍ കാരണം. മൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വനത്തിനും ജനവാസ കേന്ദ്രങ്ങള്‍ക്കും ഇടയില്‍ കമ്പിവേലി തീര്‍ക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. സമയാസമയത്ത് ചെയ്യേണ്ടത് ചെയ്യാത്തതാണ് തങ്ങള്‍ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ കാരണമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വന്യമൃഗശല്യം തടയാനും അവയ്ക്കുള്ള ജീവിത സാഹചര്യങ്ങള്‍ വനങ്ങളില്‍ ഒരുക്കിക്കൊടുക്കാനുമുള്ള ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിന്, പ്രത്യേകിച്ച് വനംവകുപ്പിനുണ്ട്. എന്നാല്‍ അത് അവര്‍ പാലിക്കുന്നില്ലെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: