ന്യൂദൽഹി: രാജ്യ തലസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കുന്ന ബിജെപിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ മധ്യപ്രദേശിൽ നിന്നുള്ള 1,200-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ അറിയിച്ചു.
2019ലെ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ ബൂത്തിലും 370 അധിക വോട്ടുകൾ നേടുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങളെക്കുറിച്ചായിരിക്കും യോഗം ചർച്ച ചെയ്യുകയെന്ന് ശർമ്മ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് ദിവസത്തെ ദേശീയ കൗൺസിൽ യോഗത്തിൽ സംസ്ഥാനത്ത് നിന്ന് 1,226 പ്രതിനിധികൾ പങ്കെടുക്കും. പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രതിനിധികളോട് സംസാരിക്കുമെന്നും ശർമ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടാനും എൻഡിഎ സഖ്യകക്ഷികളോടൊപ്പം 400 കടക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന കോൺഗ്രസ് ആരോപണങ്ങൾ തെറ്റാണെന്ന് ശർമ്മ വ്യക്തമാക്കി. തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെട്ടതിനാലാണ് ഇത്തരത്തിലുളള പ്രസ്താവനകളുമായി കോൺഗ്രസ് വരുന്നതെന്ന് ശർമ്മ പറഞ്ഞു. ഇഡിയും സിബിഐയും ആദായനികുതിയും പ്രവർത്തിക്കുന്നത് ഭരണഘടന അനുസരിച്ചാണെന്നും ശർമ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: