മുംബൈ: കേന്ദ്ര ഭരണ പ്രദേശമായ ദാമൻ, ദിയു, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും സൈക്കിളുകളും വിതരണം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഉഡാൻ 2 പദ്ധതി പ്രകാരം നിഫ്റ്റ്, പോളിടെക്‌നിക്, മെഡിക്കൽ, ലോ കോളേജുകളിലെ 4,238 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും സരസ്വതി വിദ്യാ യോജന പ്രകാരം എട്ടാം ക്ലാസിലെ 7,467 പെൺകുട്ടികൾക്ക് സൈക്കിളുകളും സിൽവാസയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
മെഡിക്കൽ, ലോ, എഞ്ചിനീയറിംഗ് കോളേജുകൾ ഉള്ള ഈ കേന്ദ്രഭരണ പ്രദേശത്ത് പ്രധാനമന്ത്രി മോദി പ്രത്യേക ശ്രദ്ധ ചെലുത്തിയതായി കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ പറഞ്ഞു.
മോദിയുടെ ഉറപ്പുകളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. 2014-ൽ ഭാരതം ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. എന്നാൽ മോദിയുടെ നേതൃത്വത്തിൽ അത് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. വരാനിരിക്കുന്ന മൂന്ന് വർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് വിദഗ്ധർ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുരോഗതിയുടെ നേരിട്ടുള്ള നേട്ടം ഇവിടത്തെ ജനങ്ങൾക്ക് ലഭിക്കും. വികസിത ഭാരതത്തിലൂടെയായിരിക്കും നിങ്ങളുടെ അഭിവൃദ്ധിയെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രധാൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: