ഹാമില്ട്ടണ്: തൊണ്ണൂറ്റിരണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം ടെസ്റ്റും ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ചരിത്രനേട്ടം സ്വന്തമാക്കിയത്.
കൂടാതെ രണ്ട് മത്സരങ്ങളുടെ പരമ്പര അവര്‍ തൂത്തുവാരുകയും ചെയ്തു. 92 വര്‍ഷങ്ങള്‍ക്കിടെ ഇരുവരും 18 പരമ്പരകളില്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും ഒരിക്കല്‍ പോലും ജയിക്കാനായിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് നേടിയത്. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയായിരുന്നു അവരുടെ വിജയം. അപരാജിത സെഞ്ചുറിയുമായി കെയ്ന്‍ വില്യംസണും (133) അര്‍ധസെഞ്ചുറി നേടിയ വില്‍ യംഗിന്റെയും (60 നോട്ടൗട്ട്) പ്രകടനമാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 242, 235 & ന്യൂസിലന്‍ഡ് 211, 269/3.
269 റണ്‍സെന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 53 റണ്‍സെടുക്കുന്നതിനിടെ കിവീസിന് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (17), ടോം ലാതം (30) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വില്യംസണ് – രചിന് രവീന്ദ്ര (20) സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. രവീന്ദ്രയെ പുറത്താക്കി ഡെയ്ന്‍ പീറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. എന്നാല്‍ വില്യംസണ് ഒരു ഭാഗത്ത് ഉറച്ചതോടെ കാര്യങ്ങള്‍ ആതിഥേയര്‍ക്ക് അനുകൂലമായി. കൂട്ടിന് വില്‍ യംഗും. 260 പന്തുകള്‍ നേരിട്ട വില്യംസണ് രണ്ട് സിക്സിന്റേയും 12 ബൗണ്ടറിയുടെയും സഹായത്തോടെയാണ് 133 റണ്‍സെടുത്തത്. യംഗിനൊപ്പം 152 റണ്‍സാണ് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തത്. യംഗ് എട്ട് ബൗണ്ടറികള്‍ നേടി. ടെസ്റ്റില്‍ വില്യംസണ് തന്റെ 32-ാം സെഞ്ചുറിയാണ് ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്ന് 32 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റിക്കോര്‍ഡും വില്യംസണ് സ്വന്തമാക്കി. താരത്തിന്റെ 172-ാം ഇന്നിങ്സായിരുന്നു ഇന്നലത്തേത്. 174 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയാണ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: