ജയ്പൂര്‍: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്ക് ഭാരതത്തില്‍ വീടില്ല. ഉള്ളത് ഇറ്റലിയിലെ 27 ലക്ഷം രൂപ വില മതിക്കുന്ന വീട്. ആകെ ആസ്തി 12.53 കോടി രൂപ. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍.
ഭാരതത്തില്‍ സ്വന്തമായി വാഹനമോ വീടോ ഇല്ല. സത്യവാങ്മൂലം പ്രകാരം ഇറ്റാലിയന്‍ വംശജയായ 77 കാരി സോണിയയ്ക്ക് 6,38,11,415 രൂപ (6.38 കോടി രൂപ) മൂല്യമുള്ള ജംഗമ ആസ്തികളുണ്ട്, അതില്‍ ആഭരണങ്ങള്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ റോയല്‍റ്റി, നിക്ഷേപങ്ങള്‍, ബോണ്ടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ 90,000 രൂപ പണമായും ഉണ്ട്.
88 കിലോ വെള്ളിയും 1.267 ഗ്രാം സ്വര്‍ണവും ഉള്‍പ്പെടെ 1,07,15,940 രൂപ (1.07 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങള്‍ ഉണ്ട്. ന്യൂ ദല്‍ഹിയിലെ ദേരാ മണ്ഡി ഗ്രാമത്തില്‍ 1.875 ഏക്കര്‍ കൃഷിഭൂമിയും സ്വന്തമായുണ്ട്. എംപി എന്ന നിലയിലുള്ള ശമ്പളം, റോയല്‍റ്റി വരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭവിഹിതം, വരുമാന സ്രോതസുകളായി മൂലധന നേട്ടങ്ങള്‍ എന്നിവ മറ്റ് വരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു. പെന്ഗ്വിന് ബുക്ക് ഇന്ത്യ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ആനന്ദ പബ്ലിഷേഴ്സ്, കോണ്ടിനെന്റല് പബ്ലിക്കേഷന്‍സ് എന്നിവയുമായി കരാറുകളുണ്ട്, കൂടാതെ പുസ്തകങ്ങളില്‍ നിന്ന് റോയല്റ്റിയുമുണ്ട്.
അഞ്ച് വര്‍ഷത്തിനിടെ സോണിയയുടെ വരുമാനം 72 ലക്ഷം രൂപ വര്‍ധിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച മൊത്തം സമ്പത്ത് 9.28 കോടി രൂപയുടേതാണ്. 2019ല്‍ അത് 27.59 ശതമാനം വര്‍ധിച്ച് 11.82 കോടി രൂപയായി. ഇപ്പോള്‍ 5.89 ശതമാനം വര്‍ധിച്ച് 12.53 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: