കൊല്‍ക്കത്ത: തൃണമൂല്‍ അതിക്രമങ്ങള്‍ക്കിരകളായ സന്ദേശ് ഖാലിയിലെ സ്ത്രീകളെ കാണാനെത്തിയ ബിജെപി പ്രതിനിധിസംഘത്തെ തടഞ്ഞ് മമതയുടെ പോലീസ്. കേന്ദ്രമന്ത്രി അന്നപൂര്‍ണാദേവിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ സന്ദേശ് ഖാലിയിലേക്കുള്ള യാത്രാമധ്യേ രാംപൂരില്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആറംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചത്.
ബംഗാളിലെ ബിജെപി എംഎല്‍എ അഗ്നിമിത്ര പോളും സംഘത്തോടൊപ്പമുണ്ടായിരുന്നു. രാംപൂരില്‍ വലിയ പോലീസ് സന്നാഹമാണ് പ്രതിനിധി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായി. അഗ്നിമിത്രയെ അനുവദിക്കാനാകില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ വാദം. അത് കേന്ദ്രമന്ത്രി അന്നപൂര്‍ണാദേവി അംഗീകരിച്ചപ്പോള്‍ ആരെയും അനുവദിക്കാനാകില്ലെന്നും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോലീസ് വാദിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രിയും എംപിമാരുമടങ്ങുന്ന സംഘം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തു.
ഇ ഡിയെ ഭയന്ന് ഒളിവില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെയും കൂട്ടരുടെയും ക്രൂരതകള്‍ പുറത്തുവരുമെന്ന ഭീതിയിലാണ് മമതാ സര്‍ക്കാരിന്റെ നടപടികളെന്ന് അഗ്നിമിത്രപോള്‍ പറഞ്ഞു. മമതയുടെ ലക്ഷ്യം വ്യക്തമാണ്. സന്ദേശ്ഖാലിയിലെ ഹീനമായ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായ സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് ബംഗാളിനാകെ നാണക്കേടാണ്, അഗ്നിമിത്ര ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാരായ അന്നപൂര്‍ണാദേവി, പ്രതിമ ഭൗമിക്, എംപിമാരായ സുനിത ദുഗ്ഗല്‍, കവിതാ പാട്ടീദാര്‍, സംഗീത യാദവ്, ബ്രിജ് ലാല്‍ എന്നിവരാണ് സമിതിയിലുള്ളത്. ബിജെപി പ്രതിനിധി സംഘത്തെ തടഞ്ഞ പോലീസ് മൂന്നംഗ തൃണമൂല്‍ സംഘത്തെ സന്ദേശ് ഖാലിയില്‍ പോകാന്‍ അനുവദിച്ചത് ദുരൂഹമാണെന്ന് അന്നപൂര്‍ണാദേവി പറഞ്ഞു. ഗവര്‍ണറെ കാണും. മമതയുടെ ജംഗിള്‍രാജ് അവസാനിക്കുന്നതുവരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. അധികാരത്തിന്റെ ഹുങ്ക് കൊണ്ടു അവര്‍ എവിടെ വരും പോകും എന്ന് കാണാം, അന്നപൂര്‍ണാദേവി പറഞ്ഞു.
സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ധരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതിമ ഭൗതിക് പറഞ്ഞു. അതേസമയം വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: