അമ്പലപ്പുഴ: ആറാം മാസം മുതല്‍ ന്യൂമോണിയ ബാധിച്ച ഇസഹാക്ക് റിജോ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നു.
എടത്വ കോഴിമുക്ക് ആലപ്പാട്ട് വീട്ടില്‍ റിജോമോന്‍- മേരി ദമ്പതികളുടെ ഏക മകനാണ് ഇസഹാക്ക്. ജനിച്ച് ആറാം മാസം മുതല്‍ പനിയും ശ്വാസതടസവും അനുഭവപ്പെട്ട ഇസഹാക്കിനെ ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടന്ന പരിശോധനക്കു ശേഷം വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലെ ശിശുരോഗാവിഭാഗത്തിലേക്ക് അയച്ചു.
പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയാവരണത്തില്‍ മുഴ വളരുന്നതായി സ്ഥിതീകരിച്ചു. കുഞ്ഞിനെ 12ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ആരോഗ്യകിരണം പദ്ധതിയിലൂടെ നടന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരു വയസുള്ള കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ നടന്നത് ആദ്യമായാണ്. ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ: വി.സുരേഷ് കുമാര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ആനന്ദക്കുട്ടന്, ഡോ: ബിജു, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: കൊച്ചു കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ഹൃദയാവരണത്തിലുള്ള മുഴ നീക്കം ചെയ്യുകയും അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ഹരികുമാര്‍. എ യുടെ കൂടെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: മാത്യു, ഡോ. ഭാഗ്യശ്രീ, ഡോ: റിങ്കു, ഡോ: കീര്‍ത്തന ടെക്നീഷ്യനായ അശ്വതി എന്നിവരും കുട്ടിക്ക് അനസ്തേഷ്യ കൊടുക്കാന്‍ പങ്കാളികളായി.
ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ സീനിയര്‍ നഴ്സിങ് ഓഫീസര്‍ രാജിമോള്‍. എം, നഴ്സിങ് ഓഫീസര്‍മാരായ രാജലക്ഷ്മി, അനിഷ നാഗ് പെര്‍ഫ്യൂഷനിസ്റ്റ് ബിജു പി.കെ, അന്‍സു മാത്യു അമല്‍ എന്നിവരും പങ്കാളികളായിരുന്നു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: