Categories: Vasthu

പഴയ വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

Published by

പഴയ വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

പഴയൊരു കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ആ കെട്ടിടത്തിന്റെ അസ്ഥിവാരത്തെപ്പറ്റി അറിവുണ്ടായിരിക്കണം. താമസിച്ചു കൊണ്ടിരിക്കുന്ന ഗൃഹം വാസ്തു നിയമപ്രകാരമാണെങ്കില്‍ രണ്ടാമത്തെനില പണിയുവാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ വാസ്തു നിയമപ്രകാരം താമസിച്ചുകൊണ്ടിരിക്കുന്ന ഭാഗം ക്രമീകരിച്ച ശേഷം മാത്രമേ രണ്ടാമത്തെ നില പണിയാവൂ. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് കന്നിമൂല ഭാഗം മുതല്‍ കെട്ടിത്തുടങ്ങണം. വടക്കുകിഴക്കേഭാഗം കെട്ടിടത്തിന്റെ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍ സ്‌പേസ് ആയിട്ടോ ഇടുന്നത് ഉത്തമമാണ്. താഴത്തെ നിലയുടെ പൊക്കത്തേക്കാള്‍ മൂന്നിഞ്ച് എങ്കിലും രണ്ടാമത്തെ നില പൊക്ക കുറവുണ്ടായിരിക്കണം. പുറത്താണ് സ്‌റ്റെയര്‍ കെയ്‌സ് എങ്കില്‍ മൂലചേര്‍ത്ത് പടിക്കെട്ട് ആരംഭിക്കരുത്. വീട്ടിനക ത്താണെങ്കില്‍ മധ്യഭാഗത്തുനിന്നും ആരംഭിക്കരുത്. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ നിലയ്‌ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

വീടു പണിയുമ്പോള്‍ അടുക്കളയ്‌ക്ക് ഉത്തമമായ സ്ഥാനം എന്താണ്?

തെക്കുകിഴക്കു ഭാഗമായ അഗ്നികോണിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വടക്കുപടിഞ്ഞാറായ വായുകോണാണ്. മൂന്നാംസ്ഥാനം വടക്കുകിഴക്കായ ഈശാനകോണാണ്. ഇതില്‍ ഏതെങ്കിലും ഒരു സ്ഥാനം വരുന്നതാണ് ഉത്തമം.

പൂമുഖ വാതിലിന്റെ കട്ടള വയ്‌ക്കുന്നത് എപ്രകാരമാണ്?

ബലമുള്ളതും ഊര്‍ജം പിടിച്ചു വയ്‌ക്കാന്‍ കഴിവുള്ളതുമായ തടികളാണു കട്ടളപടിക്ക് ഉപയോഗിക്കേണ്ടത്. പ്ലാവ്, ആഞ്ഞില്‍, തേക്ക്, മഹാഗണി മുതലായവയില്‍ പണിയുന്നതാണ് ഉത്തമം. ഒരേ ഇനം തടിതന്നെ വേണം കട്ടളപ്പടിക്കും വാതിലിനും ഉപയോഗിക്കാന്‍. വീടിന്റെ അകത്തുള്ള വാതിലിനെക്കാള്‍ വലുതായിരിക്കണം മുന്‍വശത്തെ വാതില്‍. കട്ടള വയ്‌ക്കല്‍ ചടങ്ങു നടത്തുമ്പോള്‍ വീട്ടിലെ അംഗങ്ങളെല്ലാം പങ്കെടുക്കണം, പൂമുഖവാതില്‍ ഉറപ്പിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഇതില്‍ തൊട്ടുനില്‍ക്കുക. കട്ടളപ്പടിയുടെ ഉയരത്തിലുള്ള പടിയില്‍ ഒരു സുഷിരം ഉണ്ടാക്കി വീടിനുള്ളിലേക്കു പോസിറ്റീവ് എനര്‍ജി കടത്തിവിടാന്‍ സഹായിക്കുന്ന ചില രത്‌നങ്ങള്‍ സ്ഥാപിക്കുക. കട്ടളപ്പടി ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷം കുടുംബത്തിലെ മൂന്നു നാലു സ്ത്രീകള്‍ നിറകുടവുമായി പൂമുഖവാതിലിനുള്ളിലേക്ക് പ്രവേശിച്ച് പ്രസ്തുത ജലം ഈശാനകോണില്‍ (വടക്കുകിഴക്കേമൂല) കൊണ്ടുപോയി ഒഴിക്കുക. വീടിന്, ഉള്ളില്‍ വരുന്ന കട്ടളപ്പടികള്‍ക്കൊന്നും ഈ ചടങ്ങ് ആവശ്യമില്ല.

ശിലാസ്ഥാപനം നടത്തുന്നത് എങ്ങനെയാണ്?

കുറ്റിയടിക്കുന്ന ചടങ്ങ് ഒരു ഗൃഹത്തിന്റെ പണിയുടെ ആരംഭമായി കണക്കാക്കാറില്ല. എന്നാല്‍ ശിലാസ്ഥാപനം നടത്തുന്ന അന്നു മുതലാണ് വീടിന്റെ പണി തുടങ്ങുന്നതായി കണക്കാക്കുന്നത്. പല സ്ഥലത്തും ഇതു പല പേരുകളില്‍ അറിയപ്പെടുന്നു. കല്ലു വയ്‌ക്കുക, തറക്കല്ലിടുക, ശിലാന്യാസം, ആധാരശിലാസ്ഥാപനം, ഫൗണ്ടേഷന്‍ ലേയിംഗ് എന്നിങ്ങനെ. ഗൃഹനിര്‍മാണത്തിന്റെ ആദ്യത്തെ പ്രക്രിയ എന്ന നിലയ്‌ക്ക് ഈ ചടങ്ങിനു വളരെ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ശുഭമുഹൂര്‍ത്തം നോക്കി മാത്രമേ ശിലാസ്ഥാപനം നടത്തുവാന്‍ പാടുള്ളൂ. ഒരു ശിശു ജനിക്കുന്ന സമയത്തു ജാതകം രചിക്കുന്നതുപോലെ തറക്കല്ലിടുന്ന സമയത്ത് ദീപനാളത്തിന്റെ കണക്കും കല്ല് ഇടുമ്പോള്‍ കോണ്‍ തിരിഞ്ഞ് വീഴുന്ന കല്ലിന്റെ കണക്കും നോക്കി വീടു പണിയുടെ ജാതകം നിശ്ചയിക്കാം. സാധാരണ തെക്കുപടിഞ്ഞാറു മൂല(കന്നിമൂല)യിലാണ് ശിലാസ്ഥാപനം നടത്താറുള്ളത്. വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗത്തിരുന്നാണു വാസ്തുപൂജ നടത്തേണ്ടത്. ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിന് ആദ്യമായി അഞ്ചുതിരിയിട്ട നിലവിളക്കു കൊളുത്തി ഗണപതി സങ്കല്‍പ്പത്തോടുകൂടി ശിലാസ്ഥാപനം നടത്തുന്ന കല്ലു കഴുകി വൃത്തിയാക്കി ശുദ്ധമായ കളഭം ചാര്‍ത്തി കല്ലു പൂജിക്കണം. ഈ ചടങ്ങ് പൂജാരിമാരില്ലെങ്കില്‍ വീട്ടിലെ കാരണവര്‍ക്കോ അതല്ലെങ്കില്‍ കെട്ടിടം പണി ചെയ്യുന്ന പ്രധാന മേശിരിക്കോ ചെയ്യാവുന്നതാണ്.

പഴയ കെട്ടിടം നീട്ടിയെടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പണ്ടത്തെ ആരൂഢക്കണക്കിലുള്ള വീടാണെങ്കില്‍ കഴുക്കോലുകള്‍ അറുത്തുമുറിച്ചുമാറ്റി കോണ്‍ക്രീറ്റു മുറികള്‍ ഇറക്കിയാല്‍ വളരെയേറെ ദോഷം ചെയ്യും. കൂടാതെ കണക്കിന്‍ പ്രകാരം നില്‍ക്കുന്ന ഒരു വീടിന് എക്സ്റ്റന്‍ഷന്‍ ചെയ്യുമ്പോള്‍ നിലവിലുള്ള വീടിന്റെ സന്തുലനാവസ്ഥയ്‌ക്ക് മാറ്റം സംഭവിക്കും. ആരൂഢക്കണക്കിലുള്ള വീടുകള്‍ പൊളിക്കുകയാണെങ്കില്‍ അവ പരിപൂര്‍ണമായി പൊളിച്ചു മാറ്റി പുതിയ വീടുവയ്‌ക്കേണ്ടതാണ്. വാസ്തുനിയമങ്ങള്‍ അറിയാവുന്ന ഒരാളിനെ വിളിച്ചു കാണിച്ചാല്‍ നിലവിലുള്ള കെട്ടിടത്തിന് ഒരു ദോഷവും സംഭവിക്കാത്ത രീതിയില്‍ നീട്ടിയെടുക്കുന്നതിനു വേണ്ട നിര്‍ദേശം കിട്ടുന്നതാണ്.

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by