കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ ഗൂണ്ടാവാഴ്ചയില് അസംതൃപ്തയായി പാര്‍ട്ടിയുടെ ജാദവ്പൂര്‍ എംപിയും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തി. എംപി സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്തുമായി മിമി ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടു. ദീദിയുടെ അഭിപ്രായമറിഞ്ഞതിന് ശേഷം ലോക്സഭാ സ്പീക്കറെ കാണുമെന്ന് മിമി പറഞ്ഞു.
ഇനിയൊരു മത്സരത്തിന് ആഗ്രഹമില്ല. അത്രയ്ക്ക് മടുത്തു, കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ കാബിനിലായിരുന്നു കൂടിക്കാഴ്ച. തൃണമൂല്‍ എംഎല്‍എമാരായ സോഹം ചക്രവര്‍ത്തിയും ജൂണ്‍ മല്യയും മിമിക്ക് ഒപ്പമുണ്ടായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയാണ് താന്‍ എംപി സ്ഥാനം രാജിവച്ചതായി മിമി പറഞ്ഞത്. മുഖ്യമന്ത്രി അത് സ്വീകരിച്ചാല്‍ ലോക്സഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വ്യവസായ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്വത്തില്‍ നിന്ന് മിമി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും ന്യൂആന്ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെയും സംയുക്ത സമിതി അംഗം കൂടിയായിരുന്നു അവര്‍. ഇതും രാജിവച്ചിട്ടുണ്ട്. ജാദവ്പൂര്‍ ലോക്സഭയുടെ കീഴിലുള്ള നല്മുറി, ജിരംഗച്ച ബ്ലോക്ക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പേഷ്യന്റ് വെല്‍ഫെയര്‍ അസോസിയേഷന് ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നും രാജി വച്ചതായി അവര്‍ അറിയിച്ചു.
പറയാനുള്ളത് ഞാന്‍ ദീദിയോട് പറഞ്ഞു. രാഷ്ട്രീയം എനിക്കുള്ളതല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്നെപ്പോലുള്ളവരെ അധിക്ഷേപിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് ലൈസന്‍സ് നല്കുന്ന പ്രവണത മുന്നോട്ടുകൊണ്ടുപോകാനാകില്ല, മിമി പറഞ്ഞു. നേരത്തെ ഘട്ടല്‍ എംപിയും നടനുമായി ദേവ്(ദീപക് അധികാരി) സമാനമായ രീതിയില്‍ പാര്‍ലമെന്ററി പദവികള്‍ രാജിവച്ചിരുന്നു. മമതയും അഭിഷേക് ബാനര്‍ജിയും സംസാരിച്ചതിന് ശേഷമാണ് ദേവ് തീരുമാനം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: