തൃശൂർ: കോഴിഫാം കർഷകനോട് കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി. ചാലക്കുടി കുന്നപ്പള്ളി സ്വദേശി പ്രേംജിത്ത് ലാലിന്റെ ഫാമിന്റെ വൈദ്യുതിയാണ് കെഎസ്ഇബി ജീവനക്കാർ വിച്ഛേദിച്ചത്. റോഡിനോട് ചേർന്ന് പോസ്റ്റ് ഇടാത്തതിനെ ചൊല്ലി കെഎസ്ഇബി ജീവനക്കാരെ പ്രേംജിത്ത് തടഞ്ഞിരുന്നു.
റോഡിനോട് ചേർന്ന് പോസ്റ്റിടാത്തത് ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കോഴിഫാമിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് പ്രേംജിത്തിന്റെ പരാതി. ഏതാനും മാസങ്ങൾക്കു മുമ്പ് ഫാമിലെ ആയിരത്തിലധികം കോഴികൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. ഇതോടെ ഫാമിന് ചുറ്റും ഫെൻസിംഗ് ലൈൻ സ്ഥാപിച്ചാണ് കൃഷി ചെയ്തിരുന്നത്.
ആദ്യഘട്ടത്തിൽ കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചിരുന്നെങ്കിലും അധികൃതർ നോട്ടീസ് നൽകിയതോടെ ബന്ധം വിച്ഛേദിച്ചു. പിന്നീട് സോളാർ സ്ഥാപിക്കുന്നതിനുള്ള നടപടിയിലായിരുന്നു. കോഴികളുടെ സംരക്ഷണത്തിന് രാത്രികാലത്ത് ജീവനക്കാരെ പ്രദേശത്ത് താമസിപ്പിച്ചായിരുന്നു ഫാം മുന്നോട്ടു പോയിരുന്നത്. ഇതിനിടയിൽ ഇന്നലെ കെഎസ്ഇബി ജീവനക്കാരുമായി പോസ്റ്റിന് ചൊല്ലി തർക്കം ഉണ്ടായി. ഇതിൻറെ പ്രതികാരമായി ഇന്ന് വൈദ്യുതി ബന്ധം വിച്ചേദിക്കാൻ എത്തുകയായിരുന്നു എന്നാണ് പ്രേംജിത്തിന്റെ പരാതി.
പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ വൈദ്യുതി വിച്ഛേദിക്കാതെ ജീവനക്കാർ മടങ്ങി. കഴിഞ്ഞതവണ മീറ്റർ റീഡിങ് എടുക്കാൻ വന്നപ്പോൾ രാത്രികാലങ്ങളിൽ ഫെൻസിങ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാൽ കെഎസ്ഇബിയുടേത് പ്രതികാര നടപടിയെന്നാണ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: