തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി സംസ്ഥാനത്തിന്റെ കടം കൂട്ടുന്നെന്നും സിഎജി ഇന്നലെ നിയമസഭയില്‍ വച്ച സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കടം വാങ്ങുന്നതിന്റെ കണക്കുകള്‍ മറച്ചുവയ്ക്കുന്നതായും സിഎജി കുറ്റപ്പെടുത്തുന്നു.
കിഫ്ബിയുടെ ചെലവ് ബജറ്റില്‍ നിന്നാണ്. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും. കിഫ്ബി നിയമത്തിലും ഇതു പറയുന്നുണ്ട്. അതിനാല്‍ കിഫ്ബിയിലെ വരവും ചെലവും സര്‍ക്കാര്‍ കണക്കില്‍ത്തന്നെ വരുമെന്നും സിഎജി ആവര്‍ത്തിക്കുന്നു. കിഫ്ബിക്കു സ്വന്തമായി വരുമാനമില്ലാത്തതിനാലും സര്‍ക്കാര്‍ എല്ലാവര്‍ഷവും ബജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യത തീര്‍ക്കുന്നതിനാലും സര്‍ക്കാര്‍ വിശദീകരണം സ്വീകാര്യമല്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയിലെ കടം വാങ്ങല്‍ സര്‍ക്കാര്‍ കണക്കില്‍പെടുത്താന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ കണക്കില്‍ത്തന്നെയെന്ന് സിഎജി ആവര്‍ത്തിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ കിഫ്ബിക്ക് കടമെടുത്തത് ഒഴിവാക്കാനാകില്ല.
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് വഴിയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുക്കലാണെന്നും അതു സര്‍ക്കാരിന്റെ ബാധ്യത കൂട്ടുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2021-22ല്‍ 25,874.39 കോടി രൂപയുടെ കടം സംസ്ഥാന ബജറ്റില്‍ വെളിപ്പെടുത്തിയില്ല. ഇക്കാലയളവില്‍ കിഫ്ബി എടുത്ത 13,066.16 കോടി രൂപയുടെ വായ്പയും പെന്ഷന് കമ്പനി എടുത്ത 11,206.49 കോടി രൂപയുടെ വായ്പയും ബില്‍ ഡിസ്കൗണ്ടിങ് സംവിധാനം വഴി എടുത്ത 16,01.72 കോടി രൂപയുടെ വായ്പയുമാണ് ബജറ്റില്‍ വെളിപ്പെടുത്താതിരുന്നത്. പെന്ഷന് കമ്പനിയുടെ 11,206.49 കോടി കുടിശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. 2017-2022 വരെ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടവും ബാധ്യതകളും 9.83ല്‍ നിന്ന് 16.21 ശതമാനമായി വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: