Categories: World

പാക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒമര്‍ ആയൂബിനെ നിര്‍ദേശിച്ച് ഇമ്രാന്‍

Published by

ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒമര്‍ ആയൂബിന്റെ പേര് നിര്‍ദേശിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്. പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്. പാകിസ്ഥാന്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നവാസ് ഷെറീഫിന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെറീഫിനെ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് പിടിഐയുടെ നീക്കം.

പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐ 92 സീറ്റുകള്‍ നേടിയെങ്കിലും ഇവരെല്ലാം സ്വതന്ത്രരായി മത്സരിച്ചതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധിക്കില്ല. അതിനാല്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നവാസ് ഷെറീഫിന്റെ തീരുമാനം. അതിനിടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാധിക്കില്ലെങ്കിലും പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയുമായി പിടിഐ രംഗത്ത് എത്തിയിരിക്കുന്നത്.

അതിനിടെ പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐയെ തോല്‍പ്പിക്കുന്നതിനായി ക്രമക്കേട് നടത്തി തന്നെ ജയിപ്പിച്ചെന്ന് ആരോപിച്ച് ജമാഅത്ത് ഇസ്ലാമി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവിശ്യാ അസംബ്ലി അംഗത്വം രാജിവച്ചു. ഹാഫിസ് നയീം ഉര്‍ റഹ്മാനാണ് വോട്ടെണ്ണല്ലില്‍ ക്രമക്കേട് നടത്തി തന്നെ വിജയിപ്പെച്ചെന്ന് ആരോപിച്ചത്.

തെരഞ്ഞെടുപ്പില്‍ പിടിഐ സ്ഥാനാര്‍ത്ഥിക്ക് 31,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തനിക്ക് 26,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ പിടിഐ സ്ഥാനാര്‍ത്ഥിയെ തോല്പിക്കുന്നതിനായി ഇയാള്‍ക്ക് 11,000 വോട്ടുകളേ ലഭിച്ചുള്ളൂ എന്നു വരുത്തി തീര്‍ത്ത് തന്നെ ജയിപ്പിക്കുകയായിരുന്നെന്ന് റഹ്മാന്‍ ആരോപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by