കൊൽക്കത്ത : സന്ദേശ്ഖാലി ലൈംഗികാതിക്രമ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ പടയൊരുക്കവുമായി ഗവർണർ സി.വി. ആനന്ദ ബോസ്. ഇത് സംബന്ധിച്ചുള്ള സമഗ്ര റിപ്പോർട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.
ഭരണകക്ഷി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും അദ്ദേഹത്തിന്റെയും അതിക്രമങ്ങൾക്കെതിരെയും സന്ദേശ്ഖാലിയിൽ സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ അതിനെ തകർക്കാൻ ക്രിമിനൽ ഘടകങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന നിയമപാലകരെ കുറ്റപ്പെടുത്തിയുള്ളതാണ് ഗവർണറുടെ റിപ്പോർട്ടെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച സന്ദേശ്ഖാലി സന്ദർശിക്കുകയും പ്രക്ഷോഭകരുമായി ഗവർണർ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലമെന്നോണം തങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയോ പ്രത്യേക അന്വേഷണ സംഘത്തിന്റെയോ രൂപീകരണമാണ് പ്രദേശവാസികൾ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആക്രമിക്കപ്പെട്ടവരുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും സന്ദേശ്ഖാലി പ്രദേശത്ത് നടത്തിയ സന്ദർശനങ്ങളിലൂടെയും താൻ വിഷയം വ്യക്തമായി പരിശോധിച്ചു. തന്റെ അഭിപ്രായത്തിൽ അവിടത്തെ സാഹചര്യം അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ബോസ് പറയുന്നുണ്ട്.
അക്രമികൾ സ്ത്രീകളെ പീഡിപ്പിക്കുന്നതിനും ലൈംഗികമായി ഉപദ്രവിക്കുന്നതിനും പുറമെ, കൊഞ്ച് കൃഷിക്കായി ഭൂമി തട്ടിയെടുക്കുക, ഇരകൾ പോലീസിൽ നൽകിയ പരാതികൾ പിൻവലിക്കാൻ ഗ്രാമീണരെ നിർബന്ധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും ഗവർണർ റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.
പീഡനത്തിനിരയായ ഗ്രാമീണർക്കിടയിൽ ആത്മവിശ്വാസം വളർത്തുന്നതിൽ പ്രാദേശിക അധികാരികൾ പരാജയപ്പെട്ടുവെന്ന് ഇരകളുമായുള്ള ആശയവിനിമയത്തിൽ നിന്ന് വ്യക്തമാണ്. സന്ദേശ്ഖാലിയിലെ ജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഷാജഹാൻ ഷെയ്ഖിന്റെ അനുയായികളിൽ ചിലരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ സ്ത്രീകളുടെ മാന്യതയ്‌ക്കും അന്തസ്സിനും ബഹുമാനത്തിനും നേരെയുള്ള ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ ആക്രമണം ഒരു ജനാധിപത്യ ഭരണത്തിൽ ആർക്കും ഗുണം നൽകുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. കൂടാതെ അധികാരികൾ ഭയമോ പക്ഷപാതമോ കൂടാതെ ചില നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് ഗ്രാമീണരും പീഡനത്തിന് ഇരയായവരും കരുതുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഗുണ്ടാ സംഘത്തലവന്മാരെയും അവരുടെ സഹായികളെയും ഉടനടി അറസ്റ്റ് ചെയ്യുക, ഇരകൾക്ക് സാമ്പത്തിക സഹായം നൽകുക, തെറ്റ് ചെയ്ത എല്ലാ പോലീസ് ഓഫീസർമാരെയും സ്ഥലം മാറ്റുക എന്നിവ നിർദ്ദേശിച്ച നടപടികളിൽ ഉൾപ്പെടുന്നു.
ഈ റിപ്പോർട്ട് ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. എനിക്ക് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, സർക്കാരിന് എന്റെ നിർദ്ദേശങ്ങൾ രൂപീകരിക്കുകയും എന്റെ കാഴ്ചപ്പാടുകൾ ഔപചാരികമായി അവരോട് അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ സന്ദേശ്ഖാലിയിൽ ടിഎംസി നേതാക്കൾ നടത്തിയ അതിക്രമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ സംസ്ഥാന ബിജെപി പ്രസിഡൻ്റ് സുകാന്ത മജുംദാറിനെ നാളെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 5 ന് ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ തിരച്ചിൽ നടത്താനെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ഒരു ജനക്കൂട്ടം ആക്രമിച്ചതിന് പിന്നാലെയാണ് സന്ദേശ്ഖാലി പ്രധാനവാർത്തകളിൽ ഇടം നേടിയത്. അന്നുമുതൽ ഷെയ്ഖ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: