കൊല്‍കത്ത: വര്‍ഷങ്ങള്‍ നീണ്ട ബലാത്സംഗത്തിന്റെ സത്യം തുറന്നു പറഞ്ഞ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സന്ദേശ്ഖാലിയിലെ സ്ത്രീകളെ നേരിട്ടെത്തി ചര്‍ച്ച നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദ ബോസ്. ഭരണകക്ഷി നേതാവായ ഷാജഹാന് ഷെയ്ഖിന്റെയും ഗുണ്ടാക്കൂട്ടത്തിന്റെയും അടിച്ചമര്‍ത്തലുകളും പീഢനങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയും നീതിയും നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രക്ഷോഭകരുമായി സംസാരിച്ചതില്‍ നിന്ന് അവരുടെ പ്രത്യേക ടാസ്ക് ഫോഴ്സ് ആവശ്യമാണെന്ന് മനസ്സിലായി. സംഭവത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം നിന്ന് നിയമപാലകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് ആഭ്യന്തര മന്ത്രാലയത്തിന് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇരകളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും സന്ദേശ്ഖാലി പ്രദേശത്ത് വിപുലമായ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തിക്കൊണ്ടും ഞാന്‍ വിഷയം പരിശോധിച്ചു. എന്റെ അഭിപ്രായത്തില്‍, അവിടത്തെ സാഹചര്യം അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ അദേഹം വ്യക്തമാക്കി.
‘ആരാണ് കുറ്റവാളികള്‍, ആരാണ് സംരക്ഷകര്‍’ എന്ന ആശയക്കുഴപ്പത്തില്‍ ആളുകള്‍ നില്ക്കുന്ന അപകടകരമായ സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് നല്ലതല്ല. ഭരണധികാരികള്‍ക്ക് ജനങ്ങളുടെ വിശ്വാസം നടഷ്ടപ്പെടുന്ന അവസ്ഥായാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍. സന്ദേശ്ഖാലിയിലെ ജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഷാജഹാന് ഷെയ്ഖിന്റെ അനുയായികളില്‍ ചിലരുടെ പേരുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ബ്ലോക്കില്‍ സ്ത്രീ പ്രതിഷേധക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമൊപ്പം അദേഹം ചര്‍ച്ച നടത്തിയത്. ജില്ലയിലെ പ്രശ്നബാധിത ബ്ലോക്ക് സന്ദര്‍ശിച്ച് ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച സ്ത്രീകളുമായി സംസാരിക്കുകയും ചെയ്തു.
സ്ത്രീകളെ പീഡിപ്പിക്കുന്നതിനും ലൈംഗികമായി ഉപദ്രവിക്കുന്നതിനും പുറമെ, കൊഞ്ച് കൃഷിക്കായി ഭൂമി തട്ടിയെടുത്തതും, ഇരകള്‍ പോലീസില്‍ നല്കിയ പരാതികള്‍ പിന്‍വലിക്കാന്‍ ഗ്രാമീണരെ നിര്‍ബന്ധിക്കുന്നതും ഗവര്‍ണര്‍ കേട്ട മറ്റ് ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സിന്റെയോ പ്രത്യേക അന്വേഷണ സംഘത്തിന്റെയോ രൂപീകരണമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
ജനുവരി 5 ന് ടിഎംസി നേതാവ് ഷാജഹാന് ഷെയ്ഖിന്റെ വസതിയില്‍ തിരച്ചില്‍ നടത്താനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ഒരു ജനക്കൂട്ടം ആക്രമിച്ചതിന് പിന്നാലെയാണ് സന്ദേശ്ഖാലി പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയത്. അന്നുമുതല്‍ ഷെയ്ഖ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: