ഇംഫാൽ : മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചിങ്ങരേലിലുള്ള ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ച ആറ് പേരെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഐആർബി ക്യാമ്പിൽ നിന്ന് കൊള്ളയടിച്ച നാല് ഇൻസാസ് റൈഫിളുകൾ, ഒരു എകെ ഘട്ടക്, എസ്എൽആറിന്റെ രണ്ട് മാഗസിനുകൾ, 9 എംഎം വെടിമരുന്നിന്റെ 16 ചെറിയ പെട്ടികൾ എന്നിവയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ഈ മാസം പതിമൂന്നിന് രാത്രിയാണ് അക്രമി സംഘം ഇംഫാൽ ഈസ്റ്റിലെ ചിങ്ങരേലിലെ അഞ്ചാമത്തെ ഐആർബി കേന്ദ്രത്തിൽ കടന്ന് ആയുധങ്ങൾ കൊള്ളയടിച്ചത്. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു. അതേസമയം, ആയുധങ്ങൾ എവിടെ നിന്നാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ചിങ്ങരേലിലെ അഞ്ചാം ഐആർബിയുടെ ക്യാമ്പിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം ആയുധങ്ങളും വെടിക്കോപ്പുകളുമായി ഓടി രക്ഷപ്പെടുപെടുകയായിരുന്നു. ഇതിന് പിന്തുണയെന്നോണം അതേ ദിവസം ചിങ്ങരേലിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പാംഗേയിയിലുള്ള മണിപ്പൂർ പോലീസ് ട്രെയിനിംഗ് കോളേജിൽ നിരവധി ഗ്രാമവാസികളും കടന്നുകയറാൻ ശ്രമം നടത്തി.
എന്നാൽ സുരക്ഷാ സേന അക്രമികൾക്കെതിരെ നിലയുറപ്പിച്ചതിനെ തുടർന്ന് ഈ ശ്രമം വിഫലമായി. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: