പൂനെ: നേതാക്കള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും എന്‍സിപി ലയനം ചര്‍ച്ചയാക്കി മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂട് പിടിക്കുന്നു. എന്‍ഡിഎയുടെ ഘടകകക്ഷിയായി മാറിയ അജിത് പവാറിനെ യഥാര്‍ത്ഥ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചതോടെയാണ് ലയനവാര്‍ത്തകള്‍ വ്യാപകമായത്. മുതിര്‍ന്ന നേതാവും എന്‍സിപി സ്ഥാപകനുമായ ശരത് പവാറിനോട് പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ലയനം ആവശ്യപ്പെടുന്നു എന്നാണ് മറാഠ മാധ്യമങ്ങള്‍ നല്കുന്ന സൂചന.
അതേസമയം പാര്‍ട്ടിയുടെ ലോക്സഭാ അംഗം സുപ്രിയ സുലെ ഒരു തരത്തിലുള്ള ലയനവും ആരുമായും ഇല്ലെന്ന് വ്യക്തമാക്കി ഇന്നലെ രംഗത്തെത്തി. ഇന്നലെ പൂനെയില്‍ ശരത് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് സുപ്രിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. യോഗം ലയനം സംബന്ധിച്ച സുപ്രധാന തീരുമാനമെടുക്കുമെന്ന അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ സാഹചര്യത്തിലായിരുന്നു സുപ്രിയ സുലെയുടെ പ്രതികരണം. പവാറിനെയും സുപ്രിയയെയും കൂടാതെ മുന്‍ മന്ത്രിമാരായ അനില്‍ ദേശ്മുഖ്, രാജേഷ് തോപെ, എംപിമാരായ അമോല്‍ കോല്‍ഹെ, ശ്രീനിവാസ പാട്ടീല്‍ എന്നിവരാണ് യോഗം ചേര്‍ന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും ലയിക്കില്ലെന്നും മഹാവികാസ് അഘാഡിയുടെ ഭാഗമായിത്തന്നെ മത്സരിക്കുമെന്നും സുപ്രിയ സുലെ പറഞ്ഞു. യോഗം ഇന്‍ഡി മുന്നണിയുടെ റാലി വിജയിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: