ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ നിര്‍മിക്കുന്ന രണ്ടു സൈനിക താവളങ്ങളില്‍ ഒന്ന് മാര്‍ച്ച് ആദ്യ വാരം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. മിനിക്കോയി ദ്വീപില്‍ നിര്‍മിക്കുന്ന താവളത്തിന് ഐഎന്‍എസ് ജടായു എന്നാണ് പേര്. അഗത്തിയിലാണ് മറ്റൊരു താവളം ഒരുക്കുന്നത്. മാര്‍ച്ച് നാലിനോ അഞ്ചിനോ ആകും ഐഎന്‍എസ് ജടായു ഉദ്ഘാടനം ചെയ്യുക.
അഗത്തിയില്‍ നിലവിലുള്ള എയര്‍സ്ട്രിപ്പ് നവീകരിച്ച് വികസിപ്പിക്കും. മിനിക്കോയിയില്‍ പുതിയ എയര്‍സ്ട്രിപ്പ് നിര്‍മിക്കും. ലക്ഷദ്വീപില്‍ സൈനികത്താവളം സ്ഥാപിക്കുന്നതു സംബന്ധിച്ച വാര്‍ത്ത നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു താവളങ്ങളിലും എയര്‍ബേസ് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. തന്ത്ര പ്രധാനമായ സ്ഥലത്താണ് ലക്ഷദ്വീപ് എന്നതാണ് ഇവിടങ്ങളില്‍ സൈനിക താവളങ്ങള്‍ തുടങ്ങാന്‍ കാരണം.
സൂയസ് കനാലില്‍ നിന്ന് തെക്കുകിഴക്കേഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒന്‍പതു ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍. മാലദ്വീപില്‍ നിന്ന് വെറും 524 കിലോമീറ്റര്‍ മാത്രം ദൂരം.
ഭാരതത്തിന്റെ രണ്ടു വിമാനവാഹികളായ ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തും ഉള്‍പ്പെടെ പതിനഞ്ച് യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന കപ്പല്‍ വ്യൂഹത്തിലാണ് രാജ്നാഥ് സിങ് മിനിക്കോയി ദ്വീപിലേക്ക് പോകുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധക്കപ്പലുകളില്‍ വച്ച് സേനാ കമാന്‍ഡര്‍മാരുടെ സംയുക്ത യോഗവും ചേരും. അഗത്തി ദ്വീപിലെ നിലവിലുള്ള 1204 മീറ്റര്‍ നീളവും മുപ്പതു മീറ്റര്‍ വീതിയുമുള്ള എയര്‍സ്ട്രിപ്പ് നവീകരിച്ച് വികസിപ്പിക്കും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ മൂന്നു സേനകളുടെയും സംയുക്ത താവളം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേ ലക്ഷദ്വീപില്‍ കൂടി സൈനിക താവളം വരുമ്പോള്‍ രാജ്യത്തിന്റെ പ്രതിരോഗം അതിശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: