തൃശൂര്‍: ചേറ്റുവ കടപ്പുറത്ത് നിന്ന് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ചരിത്രത്തിന്റെ രാജരഥങ്ങള്‍ ഓടിയ വഴികളിലൂടെ സഞ്ചരിച്ച വേലായുധന് പണിക്കശ്ശേരിക്ക് ഇന്ന് നവതി. ഏങ്ങണ്ടിയൂരിലെ നാട്ടിടവഴികളില്‍ നിന്ന് വേലായുധന് പണിക്കശ്ശേരി എന്ന ചരിത്രകാരന് ഏഴു പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ അന്വേഷണം ഇന്ന് നവതിയിലും തുടരുന്നു. ഈ യാത്രയില്‍ അദ്ദേഹം കണ്ടെടുത്തത് അമൂല്യ ചരിത്ര സത്യങ്ങളാണ്. പ്രായം നവതി പിന്നിടുമ്പോഴും അനവരതം ആ ചരിത്രാന്വേഷണം തുടരുകയാണ് അദ്ദേഹം.
ചെറുപ്പകാലത്ത് കേട്ടുവളര്‍ന്ന കുട്ടിക്കഥകളിലെ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ധീരരായ പോരാളികളുമാണ് വേലായുധനെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചത്. വ്യാപാരിയായിരുന്ന അച്ഛന് കൊണ്ടുവരുന്ന നാണയത്തുട്ടുകളിലെ ചരിത്രപുരുഷന്മാരുടെ ചിത്രങ്ങള്‍ മനുഷ്യവംശത്തിന്റെ ചരിത്രം തേടിപ്പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ടിപ്പുവിന്റെ പടയോട്ടം അവശേഷിപ്പിച്ച ദുരന്ത ചിത്രങ്ങള്‍, ചേറ്റുവയിലെ ഡച്ച് കോട്ട, കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക് വന്നവര്‍ പറഞ്ഞുകേട്ട പൊടിപ്പും തൊങ്ങലും വച്ച നാടോടിക്കഥകള്‍, ഇതെല്ലാമാണ് തന്നെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് വേലായുധന് പണിക്കശ്ശേരി ഓര്‍ത്തെടുക്കുന്നു.
നവതിയുടെ നിറവിലും ജ്ഞാന തൃഷ്ണക്കും ചരിത്രാന്വേഷണത്തിനും തെല്ലും കുറവില്ല. അറുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചുകഴിഞ്ഞു. കേരള ചരിത്രത്തെക്കുറിച്ചുള്ള പുതിയ ചില കണ്ടെത്തലുകള്‍ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
ചരിത്രപുസ്തകങ്ങള്‍ പലതും സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളാണ്. 1965 ലാണ് വേലായുധന് പണിക്കശ്ശേരിയുടെ കേരള ചരിത്രം കേരള സര്‍വ്വകലാശാല എംഎ സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെക്കാണ് പ്രദേശത്തിന്റെ പ്രാചീന നാഗരിക ചരിത്രം കണ്ടെടുത്തതാണ് വേലായുധന് പണിക്കശ്ശേരിയുടെ മികച്ച സംഭാവനകളില്‍ പ്രധാനം.
ചരിത്ര ഗവേഷണത്തിലെയും രചനയിലെയും ഏകാന്തപഥികനാണ് വേലായുധന് പണിക്കശ്ശേരി. സമഗ്രമായ ചരിത്ര പഠനം എന്ന നിലയ്ക്ക് പൗരസ്ത്യ രീതിയാണ് കുറച്ചുകൂടി നല്ലത്. പാശ്ചാത്യരുടെ ചരിത്ര പഠനങ്ങളിലെ കാലഘട്ടനിര്‍ണയ സമ്പ്രദായങ്ങള്‍ ശരിയല്ല എന്ന പക്ഷക്കാരനാണ് അദ്ദേഹം. ഉദാഹരണത്തിന് ഇന്ത്യാ ചരിത്രത്തെ പൗരാണികം, മധ്യകാലഘട്ടം, ആധുനികം എന്നിങ്ങനെയാണ് പാശ്ചാത്യ ചരിത്രകാരന്മാര് തിരിച്ചിട്ടുള്ളത.് ഇവ യഥാക്രമം ഹിന്ദു, മുസ്ലിം, പശ്ചാത്യ ഭരണത്തിന്റെ കാലഘട്ടങ്ങളാണ്. ഇത് പാശ്ചാത്യര്‍ക്ക് പ്രാമാണ്യത കിട്ടാനും നമ്മുടെ ചരിത്രത്തെ ചെറുതാക്കാനുമുള്ള ശ്രമമാണ്. ആധുനികമെന്നാല്‍ പാശ്ചാത്യമാണെന്ന മിഥ്യാ ധാരണ സൃഷ്ടിക്കുന്നതാണീ രീതി.
ഈ തരംതിരിവുകളിലൊന്നും ഇവിടുത്തെ ജനജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുന്നില്ല. പൗരാണിക കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് പാശ്ചാത്യ ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്. അത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ലോകത്തിനു മുഴുവന്‍ വിജ്ഞാനവെളിച്ചമേകിയിരുന്ന ഒരു കാലഘട്ടമാണ് ഭാരതത്തിലെ പ്രാചീന കാലഘട്ടം.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാണ് തൊണ്ണൂറ് പിന്നിടുന്ന ഈ ചരിത്രകാരന്. ഏങ്ങണ്ടിയൂര്‍ പണിക്കശേരി മാമുവിന്റെയും പനക്കല്‍ കാളിക്കുട്ടിയുടേയും നാലാമത്തെ മകനാണ്. ശ്രീനാരായണ ഗുരുദേവന് പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുള്ള കുടുംബമാണ.് ഏങ്ങണ്ടിയൂരില്‍ സ്കൂള്‍ തുടങ്ങിയതും ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. ആ സ്കൂളിലാണ് വേലായുധന് വിദ്യാഭ്യാസം തുടങ്ങിയത്. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്കൂളില്‍ അധ്യാപികയായിരുന്ന ലീലയാണ് ഭാര്യ. ചിന്ത, വീണ, ഡോ.ഷാജി എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: