കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബിജെപി. സംസ്ഥാനത്ത് ‘ജംഗിൾ രാജ്’ നിലനിൽക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. സംസ്ഥാനത്തെ സന്ദേശ്ഖാലി മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്തുണ്ടായ അരക്ഷിതാവസ്ഥയക്ക് കാരണം മമതയാണെന്നും അവർ എത്രയും വേഗത്തിൽ രാജിവെക്കണമെന്നും ഭാട്ടിയ ആവശ്യപ്പെട്ടു.
ബംഗാളിൽ തൃണമൂൽ ഭരണത്തിന് കീഴിൽ സമ്പൂർണ അരാജകത്വവും നിയമരാഹിത്യവും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഭാട്ടിയ സന്ദേശ്ഖാലിയിലെ വനവാസി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്ത പാർട്ടി ഗുണ്ടകൾക്ക് ബാനർജി സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ചു.
“പശ്ചിമ ബംഗാളിൽ ജംഗിൾ രാജ് നടക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സഹോദരിമാരെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നു, മുഖ്യമന്ത്രി മമത ബാനർജി ഒരു മിണ്ടാപ്രാണിയാണ്,” -അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിൽ നിയമവാഴ്ച ഇല്ലെന്നുള്ളത് ഓരോ പൗരനും വ്യക്തമാണെന്ന് ഭാട്ടിയ പറഞ്ഞു. പകരം അരാജക ഭരണാധികാരിയായ മമത ബാനർജിയുടെ നിയമമാണ് അവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്ത്ബാനർജിക്ക് തുടരാൻ അവകാശമില്ലെന്ന് വാദിച്ച ഭാട്ടിയ അൽപ്പമെങ്കിലും നാണക്കേട് അവശേഷിക്കുന്നുണ്ടെങ്കിൽ മമതാ ഉടൻ രാജി നൽകണം എന്ന് പറഞ്ഞു.
ഇതിനു പുറമെ ലൈംഗികാതിക്രമത്തിന് ഇരയായവർക്കൊപ്പം ബിജെപി തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാട്ടിയ പറഞ്ഞു. ഏത് പാർട്ടിക്ക് വോട്ട് ചെയ്താലും ഭരണഘടനയിൽ വിശ്വാസമുള്ള ഓരോ സ്ത്രീയുടെയും പോരാട്ടമാണിത്. ബിജെപി ഈ പോരാട്ടത്തെ എല്ലാ ശക്തിയോടെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ സർക്കാർ ബലാത്സംഗം ചെയ്യുന്നവർക്ക് സംരക്ഷണം നൽകുകയും പോലീസിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച ബിജെപി നേതാവ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന ഷെയ്ഖ് ഒളിവിലാണെന്ന് തെളിഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്നും പറഞ്ഞു.
കൂടാതെ ലൈംഗികാതിക്രമത്തിന് ഇരയായവർക്കെതിരെയും അവരുടെ ബന്ധുക്കൾക്ക് എതിരെയാണ് പശ്ചിമ ബംഗാൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പോലീസിന്റെ ഈ നടപടിയെ ലജ്ജാകരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കാനും അവരെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഭാട്ടിയ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ, ആദിവാസികളുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയാണ്, മുൻഗണനകളിലും നടപടികളിലും തികച്ചും വ്യത്യസ്തമാണെന്നും ഭാട്ടിയ പറഞ്ഞു. മമത ബാനർജി ഒരു ‘രക്ഷകിൽ’ (സംരക്ഷകൻ) നിന്ന് ഒരു ‘ഭക്ഷക്’ (വേട്ടക്കാരൻ) ആയിത്തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി ലഭിക്കാനുള്ള ബിജെപിയുടെ പോരാട്ടങ്ങളെ തൃണമൂൽ കോൺഗ്രസിന് തകർക്കാനാവില്ലെന്ന് മമതാ ബാനർജിയും പശ്ചിമ ബംഗാൾ പോലീസും മനസിലാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: