കണ്ണൂര്‍: കേരളത്തിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും സ്കൂളിലേക്കുള്ള അരിയുടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇന്നോ നാളെയോ അരി കിട്ടിയില്ലെങ്കില്‍ മിക്ക സ്കൂളിലും തിങ്കളാഴ്ച മുതല്‍ ഉച്ചഭക്ഷണം മുടങ്ങും.
സിവില്‍ സപ്ലൈസിന് വിദ്യാഭ്യാസ വകുപ്പു കൊടുക്കാനുള്ള തുക കുടിശികയായതിനാലാണിത്. എന്ന് അരി കിട്ടുമെന്ന് ഉറപ്പേകാന്‍ സപ്ലൈകോ അധികൃതര്‍ക്ക് കഴിയുന്നില്ല. 2016ലെ നിരക്കനുസരിച്ചാണ് ഇപ്പോഴും പാചകച്ചെലവ് അനുവദിക്കുന്നത്. മുട്ടയ്ക്കും പാലിനും പ്രത്യേക തുകയുമില്ല. കിട്ടുന്നത് തീരെ തികയാത്തതിനാല്‍ കടക്കെണിയിലായ പ്രധാനാദ്ധ്യാപകര്‍ പുതിയ പ്രതിസന്ധിയിലുമായി.
ജനുവരിയിലെ തുകയാണ് വിദ്യാലയങ്ങള്‍ക്കു കിട്ടാനുള്ളത്. അദ്ധ്യാപക, പ്രധാനാദ്ധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് തുക ഇപ്പോള്‍ രണ്ടു മാസം കൂടുമ്പോഴെങ്കിലും ലഭിക്കുന്നത്. അരി കിട്ടിയില്ലെങ്കില്‍ ഉച്ചഭക്ഷണം നിലയ്ക്കുമെന്നത് പ്രധാനാധ്യാപക സംഘടന, കെപിപിഎച്ച്എ കഴിഞ്ഞ ദിവസം അധികൃതരെ അറിയിച്ചിരുന്നു. എഫ്സിഐ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഹെഡ് ഓഫീസിലെ നിര്‍ദേശത്തിനു കാത്തിരിക്കുകയാണെന്ന് അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കും വരെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ പൊതുവിപണിയില്‍ നിന്ന് അരി വാങ്ങിയാല്‍ ചെലവുതുക അനുവദിക്കണമെങ്കില്‍ ധനവകുപ്പ് പ്രത്യേക ഉത്തരവിടണം. പാചകത്തൊഴിലാളികള്‍ക്കും ശമ്പളം യഥാസമയമില്ല. ജനുവരിയിലേതു കിട്ടിയില്ല.
ഇന്നലെ വൈകുന്നേരത്തോടെ ഏതെങ്കിലും സ്കൂളില്‍ അരിയില്ലെങ്കില്‍ ഇന്‍ഡന്റ് പ്രകാരം അരി ലഭിച്ച സ്കൂളുകളില്‍ നിന്ന് അഞ്ചു ദിവസത്തേക്കുള്ള അരി കൈമാറാമെന്ന് നിര്‍ദേശമുണ്ട്. കൊടുക്കല്‍-വാങ്ങല്‍ വിവരം സ്കൂളുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: