കൊല്ലം: യുഎസ് കലിഫോര്‍ണിയയില്‍ സാന്‍ മറ്റേയോയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല.
കൊല്ലം ഫാത്തിമമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ഡോ. ജി. ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥന്‍ (4) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്.
തണുപ്പകറ്റാനായി ഉപയോഗിച്ച ഹീറ്ററില്‍ നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആനന്ദ് സുജിത്ത് ഹെന്റിയുടെയും ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തി.
ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് സൂചന. അതേസമയം, കുട്ടികള്‍ മരിച്ചത് എങ്ങനെയെന്നതില്‍ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് യുഎസ് പോലീസ് വ്യക്തമാക്കി. ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന സ്ഥിരീകരണം ബന്ധുക്കള്‍ക്ക് കിട്ടി. വീട്ടിലെ കുളിമുറിയിലാണ് ദമ്പതിമാരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടായിരുന്നു. ലോഡ്ചെയ്ത നിലയിലുള്ള 9 എം.എം. പിസ്റ്റളും കുളിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
അതേസമയം, കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടികളെ വിഷം നല്കിയോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.13-നാണ് സാന്‍മറ്റേയോ അലമേഡ ഡി ലാസ് പല്‍ഗാസിലെ വീട്ടിനുള്ളില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് കുറിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടികളുടെ മൃതദേഹങ്ങള്‍ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു.
അതിനിടെ, 2016ല്‍ ഇവര്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നതായും പിന്നീട് ഇതുമായി മുന്നോട്ടുപോയിരുന്നില്ലെന്നും പറയുന്നു. ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ലായിരുന്നുവെന്നാണ് സൂചന. ദമ്പതിമാര്‍ സാന്‍മറ്റേയോയിലെ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാലു വര്‍ഷത്തിലേറെയായി.
ഗൂഗിളില്‍ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. ആനന്ദിന്റെ ഭാര്യ ആലീസ് കിളികൊല്ലൂര്‍ വെളിയില്‍ വീട്ടില്‍ പരേതനായ ബെന്‍സിഗര്‍-ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ്. സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവര്‍ക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു.
അതിനുശേഷം ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കള്‍ വഴി ആനന്ദിന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: