ബെംഗളൂരു: ഐഎസ്ആര്‍ഒ ശനിയാഴ്ച വിക്ഷേപിക്കുന്ന ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തിന്റെ അന്തിമഘട്ട പരിശോധനകള്‍ നടന്നു. ഉപഗ്രഹത്തെ വിക്ഷേപണ വാഹനമായ ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-എഫ് 14ല്‍ (ജിഎസ്എല്‍വി-എഫ് 14) ഘടിപ്പിച്ച ശേഷമായിരുന്നു പരിശോധന.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 5:10നാണ് ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനമായ ജിഎസ്എല്‍വി വിക്ഷേപണത്തിനായി സജ്ജമായി. ജിഎസ്എല്‍വിയുടെ പതിനാറാമത്തെ ദൗത്യമാണിത്.
ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റലിലാണ് (ജിടിഒ) ജിഎസ്എല്‍വി-എഫ് 14 എത്തിക്കുക. അവിടെനിന്ന് ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ഓര്‍ബിറ്റിലേക്ക് എത്തിക്കും, ഐഎസ്ആര്‍ഒ അറിയിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാണ് ദൗത്യത്തിന്റെ പൂര്‍ണ ചെലവ് വഹിക്കുന്നത്.
ഭാരതത്തിന്റെ കാലാവസ്ഥ പ്രവചന ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇന്‍സാറ്റ്-3ഡിഎസ്. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകളുള്ള സൗണ്ടറും ഉള്‍പ്പെടെയുള്ള പേലോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ, ഡേറ്റാ റിലേ ട്രാന്‍സ്പോണ്ടര്‍ (ഡിആര്‍ടി) പോലുള്ള ആശയവിനിമയ പേലോഡുകളും ഇന്‍സാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കളക്ഷന്‍ പ്ലാറ്റ്ഫോമുകളില്‍നിന്നും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ സഹായിക്കും. ആഗോള തലത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലുകള്‍ക്കും ഉപഗ്രഹം സഹായകമാകും.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള കാലാവസ്ഥാപഠന കേന്ദ്രം (ഐഎംഡി) ഉള്‍പ്പെടെ വിവിധ ഏജന്‍സികളും ഇന്‍സ്റ്റിറ്റിയൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതല്‍ ആശ്രയിക്കുക. അടുത്ത രണ്ടുവര്‍ഷത്തിനിടെ 30 വിക്ഷേപണങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: