റായ്പുർ : പതിനാറ് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പങ്കെടുത്ത നാല് മാവോയിസ്റ്റുകൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഛത്തീസ്ഗഡിലെ പ്രത്യേക എൻഐഎ കോടതി. സംസ്ഥാനത്തെ ബസ്തർ, സുക്മ ജില്ലകളിലെ മഹാദേവ് നാഗ്, കവാസി ജോഗ, ദയാറാം ബാഗേൽ, മണിറാം മഡിയ എന്നിവരെയാണ് ജഗദൽപൂർ കോടതി ശിക്ഷിച്ചതെന്ന് എൻഐഎ വക്താവ് ചൊവ്വാഴ്ച പറഞ്ഞു.
2014ൽ 11 സിആർപിഎഫ് ജവാൻമാരും നാല് പൊലീസുകാരും ഉൾപ്പെടെ 16 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പങ്കെടുത്തതിനാണ് കോടതി ഇവരെ ശിക്ഷിച്ചത്. മുതിർന്ന മാവോയിസ്റ്റ് നേതാക്കളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2014 മാർച്ചിൽ സുക്മ ജില്ലയിലെ തെഹക്വാഡ ഏരിയയിൽ റോഡ് ഉദ്ഘാടന ചടങ്ങിന് നേരെ നൂറോളം വരുന്ന സായുധ മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനൊന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരും നാല് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഇന്ത്യൻ പീനൽ കോഡ്, ആയുധ നിയമം, സ്ഫോടക വസ്തു നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമാണ് ടോങ്പാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2014 മാർച്ച് 28 ന് കേസ് വീണ്ടും രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം എൻഐഎ ഏറ്റെടുത്തു. 2015 ഓഗസ്റ്റ് 18 ന് 11 പ്രതികൾക്കെതിരെ ഏജൻസി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: