ബറോഡ: ഭാരതത്തിന്റെ പഴയകാല ക്രിക്കറ്റ് നായകന് ദത്താജി റാവു ഗെയ്ക്ക്വാദ്(95) അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബറോഡയിലെ ആശുപത്രിയില്‍ ഇന്നലെയാണ് മരണമടഞ്ഞത്. കഴിഞ്ഞ 12 ദിവസമായി ആശുപത്രിയിലായിരുന്നു.
മുന്‍ ഭാരത ഓപ്പണറും ദേശീയ ടീം പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്ക്വാദിന്റെ പിതാവാണ് ദത്താജി റാവു. ഭാരതത്തിനായി 11 ടെസ്റ്റുകളില്‍ ദത്താജിറാവു കളിച്ചിട്ടുണ്ട്. 1959ലെ ഭാരതത്തിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ നയിച്ചത് അദ്ദേഹമാണ്. ആഭ്യാന്തര ക്രിക്കറ്റിലും സജീവുമായിരുന്നു. ദത്താജി റാവുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബറോഡ ടീം 1957-58 സീസണില്‍ രഞ്ജി ട്രോഫി ജേതാക്കളായി. അന്ന് ഫൈനലില്‍ സര്‍വീസസിനെ കീഴടക്കിയാണ് ബറോഡ് ടൈറ്റില്‍ നേടിയത്.ഭാരത ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) അനുശോചന സന്ദേശം എക്സില്‍ കുറിച്ചു.
1952-1961 കാലഘട്ടത്തിലാണ് ദത്താജി റാവു ഭാരത ക്രിക്കറ്റ് ടീമിലുണ്ടായിരുന്നത്. ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അരങ്ങേറ്റം. അവസാന മത്സരം ചെന്നൈയില്‍ പാകിസ്ഥാനോടും.
രഞ്ജിയില്‍ 1947 മുതല്‍ 1961 വരെ ബറോഡയ്ക്കായി കളിച്ചു. 47.56 ശരാശരിയില്‍ 3,139 റണ്‍സെടുത്തു. 14 സെഞ്ചുറികളും നേടി. മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 249 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. 2016ല്‍ അന്തരിച്ച ദീപക് ഷോധന് ശേഷം ആദ്യ കാല ഭാരത ക്രിക്കറ്റ് നായകന്മാരില് ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു ദത്താജി റാവു ഗെയ്ക്ക്വാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: