ന്യൂദൽഹി: ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്ന മുൻ നാവിക സേനാംഗങ്ങളുടെ മോചനം ലോകത്തിൽ ഭാരതത്തിന്റെ ശക്തി വർധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സൂചിപ്പിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിന്റെ വിദേശനയം രാജ്യത്തിന്റെ ശക്തി ഉയർത്തിയതായും മുൻ കേന്ദ്രമന്ത്രി വ്യക്തമാക്കി.
“നാട്ടിൽ തിരിച്ചെത്തിയ മുൻ സൈനികർ ഇവിടെയെത്തി പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തിന്റെ വ്യക്തിപരമായ മുൻകൈകൊണ്ടാണ് ഇത് സാധ്യമായതെന്ന് അവർ പറഞ്ഞു. ലോകത്ത് ഭാരതത്തിന്റെ ശക്തി വർദ്ധിച്ചുവെന്നാണ് ഇത് കാണിക്കുന്നത്, ”-അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തടവിലാക്കപ്പെട്ട എട്ട് മുൻ ഭാരതീയ നാവിക സേനാംഗങ്ങളെയും ഖത്തർ മോചിപ്പിച്ചിരുന്നു. അവരിൽ ഏഴ് പേർ തിങ്കളാഴ്ച പുലർച്ചെ നാട്ടിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ഒക്ടോബറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 46 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ ശിക്ഷയായി ഇളവ് നൽകിയത്. എട്ട് പേർക്കെതിരെയും ചാരവൃത്തി ആരോപിച്ചെങ്കിലും ഖത്തർ അധികൃതരോ ഭാരതമോ അവർക്കെതിരായ കുറ്റങ്ങൾ പരസ്യമാക്കിയിരുന്നില്ല.
ഭാരതീയർ എവിടെ കുടുങ്ങിപ്പോയാലും അവരുടെ കണ്ണുനീർ തുടയ്‌ക്കാൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസാദ് പറഞ്ഞു. ഉക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഹിന്ദുക്കളെയും പാകിസ്ഥാനിൽ നിന്ന് ഐഎഎഫ് പൈലറ്റ് അഭിനന്ദൻ വർത്തമാനെയും മോദി സർക്കാർ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പറയുന്നതെന്തും ലോകം ശ്രദ്ധിക്കുന്നു. ഇത് മാത്രമല്ല, ആറിലധികം ഇസ്ലാമിക രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: