അബുദാബി : യു എ ഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി.സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നിരവധി വിഷയങ്ങളില്‍ ഇരുനേതാക്കളും ആശയവിനിമയം നടത്തി.
വ്യാപാരം, നിക്ഷേപം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സാമ്പത്തിക സാങ്കേതികം, ഊര്‍ജം,അടിസ്ഥാന സൗകര്യം, സംസ്കാരം, ജനങ്ങള്‍ തമ്മിലുളള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഉഭയകക്ഷി നിക്ഷേപം, ഇലക്ട്രിക്കല്‍ ഇന്റര്കണക്ഷന്, വ്യാപാരം, ഇന്ത്യ-മദ്ധ്യേഷ്യ സാമ്പത്തിക ഇടനാഴി, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍,ദേശീയ ചരിത്ര രേഖകള്‍, പൈതൃകവും മ്യൂസിയങ്ങളും തമ്മിലുള്ള സഹകരണം, പേയ്മെന്റ് പ്ലാറ്റ്ഫോമുകള് പരസ്പരം ബന്ധിപ്പിക്കല്‍, ആഭ്യന്തര ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ പരസ്പരം ബന്ധിപ്പിക്കല്‍ തുടങ്ങിയ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള യുഎഇയുടെ ആഭ്യന്തര കാര്‍ഡായ ജയ്വാന് പുറത്തിറക്കിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ചു. ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ, എല്‍പിജി, ഇപ്പോള്‍ എല്‍എന്‍ജി എന്നിവയുടെ വിതരണക്കാര്‍ എന്ന നിലയില്‍ യുഎഇയുടെ പ്രധാന പങ്ക് പ്രധാനമന്ത്രി അനുസ്മരിച്ചു.എല്‍എന്‍ജിയിലെ ദീര്‍ഘകാല കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ പങ്കാളിത്തത്തിന്റെ തെളിവാണ്.
സന്ദര്‍ശനത്തിന് മുമ്പ്, റൈറ്റ്സ് ലിമിറ്റഡും അബുദാബി തുറമുഖ കമ്പനിയും ഗുജറാത്ത് മാരിടൈം ബോര്‍ഡും തമ്മില്‍ കരാറുകള്‍ ഒപ്പുവച്ചിരുന്നു. തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കരാറുകളാണ് ഒപ്പുവച്ചത്. അബുദാബിയില്‍ ബാപ്സ് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചതില്‍ വ്യക്തിപരമായ പിന്തുണക്കും ഉദാരമനസ്കതയ്ക്കും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: