കൊച്ചി: മാസപ്പടി വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എൽ. 2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സിഎംആർഎല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
2016- ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വീണയ്‌ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി. സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നാണ്. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്സാലോജിക് എന്ന കമ്പനിയിലേക്ക് സിഎംആർഎൽ കൊടുത്തുകൊണ്ടിരുന്നു. 2004 മുതലുള്ള സർക്കരുകൾ എടുത്ത സമീപനം കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രം മതിയെന്നാണ്. എന്നാൽ 2018ൽ വ്യവസായ നയത്തിൽ മാറ്റം കൊണ്ടുവന്നു.
സിഎംആർഎല്ലിന് പാട്ടത്തിനു അനുമതി നൽകാൻ പിണറായി സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. സി എം ആർ എല്ലിന് പാട്ടത്തിന് അനുവദിച്ച പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് സുപ്രീംകോടതി അധികാരം നൽകിയിട്ടും ചെയ്തില്ല. ഇതിനിടെ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ആറ്റമിക് ധാതു ഖനനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി. തുടര്‍ന്ന് ആ വര്‍ഷം ഏപ്രിലില്‍ സിഎംആര്‍എല്‍ നു ഉള്ള പാട്ട അനുമതി റദ്ദാക്കി. അന്ന് സിഎംആര്‍എല്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടുവെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.
സിഎംആര്‍എല്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അസാധാരണമായി ഇടപെട്ടു. മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുനപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഫയല്‍ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2019ല്‍ എഴുതിയെന്നും, നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നുവെന്നും മാത്യു പറയുന്നു. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന് മുന്നിലേക്ക് പോയി. ഇത്തരം ഇടപെടലിനാലാണ് വീണാ വിജയന് സിഎംആര്‍എല്‍ മാസപ്പടി നല്‍കിക്കൊണ്ടിരുന്നതെന്ന്മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്പീക്കർ കഴിഞ്ഞ ദിവസം തനിക്ക് അനുവദിച്ച് കിട്ടിയ സമയത്ത് നടത്തിയ ഇടപെടൽ എന്നും അദ്ദേഹം വിമർശിച്ചു. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണ്. വീണ്ടും മുഖ്യമന്ത്രിക്ക് പരിച തീർക്കാനായി സ്പീക്കർ തന്റെ നിലവിട്ട് പെരുമാ റുകയായിരുന്നു. ഈ പ്രവൃത്തി പൊതുജനം വിലയിരുത്തട്ടേയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: