മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ റിലീസിന് രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കവേ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പുഞ്ചമൺ കുടുംബം ദുർമന്ത്രവാദികളും ചാത്തൻ സേവക്കാരും ആണെന്ന രീതിയിലാണ് ഭ്രമയുഗത്തിൽ ചിത്രീകരിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ പരാതി. ഐതിഹ്യമാലയിൽ പുഞ്ചമൺ കുടുംബം സദ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരാണെന്ന് പ്രതിപാദിക്കുന്നുണ്ടെന്നും സിനിമയിലെ ചിത്രീകരണം കുടുംബത്തിന്റെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതും സൽപേര് തകർക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സിനിമയിൽ നിന്ന് കുടുംബ പേര് നീക്കാൻ അണിയറക്കാർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്ന കഥാപാത്രം, നടന്റെ സമൂഹത്തിലെ സ്വാധീനം മൂലം കുടുംബത്തെക്കുറിച്ച് തെറ്റായസന്ദേശം പ്രചരിക്കാൻ ഇടയാക്കുമെന്നും സിനിമക്ക് അനുമതി നിഷേധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാരും, ഫിലിം സെൻസർ ബോർഡും സിനിമയുടെ നിർമാതാവ് ചെന്നൈ സ്വദേശി രാമചന്ദ്ര ചക്രവർത്തി അടക്കമുള്ളവരാണ് എതിർകക്ഷികൾ. കേസ് കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: