സൂറത്ത്: 1,344 ഭക്തരുമായി സൂറത്തില്‍ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ട ആസ്ത സ്പെഷ്യല്‍ ട്രെയിനു നേരെ കല്ലേറ്. ട്രെയിന്‍ നന്ദുര്‍ബാര്‍ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പാണ് സംഭവം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.
ഫെബ്രുവരി 11ന് ഞായറാഴ്ചയാണ് രാമക്ഷേത്ര ദര്‍ശനത്തിനുള്ള പ്രത്യേക ട്രെയിന്‍ സൂറത്തില്‍ നിന്ന് പുറപ്പെട്ടത്. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ ആരംഭിച്ചത്. ഗവണ്മെന്റ് റെയില്‍വേ പോലീസും (ജിആര്‍പി), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍പിഎഫ്) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി 11 ന് രാത്രി 8 മണിക്കാണ് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
ട്രെയിന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്റ്റേഷനില്‍ എത്താന്‍ ഒരുങ്ങുമ്പോഴാണ് അജ്ഞാതര്‍ ട്രെയിനിനു നേരെ കല്ലെറിയാന്‍ തുടങ്ങിയത്. വാതിലുകളടച്ചെങ്കിലും ചില കല്ലുകള്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി. നന്ദുര്‍ബാര്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ അല്‍പ്പനേരം നിര്‍ത്തിയെങ്കിലും അധികം താമസിക്കാതെ യാത്ര തുടര്‍ന്നു. രാത്രി 9:45ന് ട്രെയിന്‍ നന്ദുര്‍ബാര്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് എസ് 7, എസ് 11, എസ് 12 കോച്ചുകള്‍ക്ക് നേരെ കല്ലേറുണ്ടായതെന്ന് ഒരു യാത്രക്കാരന് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: