ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഭാരതീയായ ഏഴ് മുന്‍ നാവികര്‍ ഖത്തര്‍ ജയിലില്‍നിന്ന് തിരിച്ചെത്തിയത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ നയതന്ത്ര വിജയമാണ്. ഖത്തറിന്റെ തലസ്ഥനമായ ദോഹയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളിയടക്കം എട്ട് മുന്‍ നാവികോദ്യോഗസ്ഥര്‍ക്കെതിരെ ഇസ്രായേലിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കേസെടുക്കുകയും, ഖത്തര്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. ഖത്തറിനുവേണ്ടി ഇറ്റാലിയന്‍ കമ്പനി നിര്‍മിക്കുന്ന അന്തര്‍വാഹിനിയെക്കുറിച്ചുള്ള വിവരം ചോര്‍ത്തി നല്‍കിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ആരോപണം അന്നുതന്നെ ഭാരതം നിഷേധിക്കുകയുണ്ടായി. വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് തടവുശിക്ഷയായി ഇളവു ചെയ്തിരുന്നു. എന്നാല്‍ ഈ തടവ് എത്ര കാലമാണെന്ന് വ്യക്തമല്ലായിരുന്നു. ശിക്ഷ കഴിഞ്ഞ് എന്ന് ഇവര്‍ക്ക് നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നതിലും അനിശ്ചിതത്വം നിലനിന്നു. ജീവിതകാലം മുഴുവന്‍ അവര്‍ ജയിലില്‍ കഴിയേണ്ടിവരുമോ എന്നും മറ്റുമുള്ള സംശയങ്ങള്‍ ഉയരുകയും, ഇത് നരേന്ദ്ര മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഉപയോഗിക്കുകയും ചെയ്തു. ഭാരതീയരായ നാവികരുടെ ജീവന് രക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രചാരണം. നാവികരുടെ കുടുംബാംഗങ്ങളില്‍ ചിലരെയും ഈ പ്രചാരണത്തിന് ഉപയോഗിച്ചു. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കാതെ നാവികരുടെ മോചനത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ കമ്പനി മാനേജിങ് ഡയറക്ടര്‍ പൂര്‍ണേന്ദു തിവാരി അടക്കം ദോഹയിലെ സൈനികര്‍ക്ക് പരിശീലനം നല്‍കിവരികയായിരുന്ന എട്ടുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ആരോപിക്കപ്പെട്ടത്. ബന്ധുക്കളെ ആരെയും കാണാന്‍ അനുവദിക്കാതെ കേസ് വിചാരണ ചെയ്ത് വധശിക്ഷ വിധിക്കുകയായിരുന്നു. സംഭവത്തില്‍ ഇടപെടുമെന്നും, മുന്‍ നാവികരെ മോചിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ദുബായ് കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഹമദ് അല്‍താനിയും തമ്മില്‍ വ്യക്തിപരമായ കൂടിക്കാഴ്ച നടന്നിരുന്നു. നാവികരുടെ മോചനത്തെക്കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നതായാണ് വിവരം. മറ്റു വിധത്തിലും ഭാരതം നയതന്ത്ര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നിരവധി തവണ ഖത്തര്‍ സന്ദര്‍ശിക്കുകയും തന്ത്രപരമായ ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ ഫലമായാണ് ഇപ്പോള്‍ നാവികര്‍ മോചിതരായിരിക്കുന്നത്. ഖത്തര്‍ ഭരണാധികാരിയുടെ ഇടപെടല്‍മൂലം നാവികരെ വിട്ടയച്ച വിവരം ഇന്നലെ രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും, ഏഴുപേര്‍ മടങ്ങിയെത്തിയെന്നുമായിരുന്നു ഭാരത വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിച്ചുകൊണ്ടാണ് ഏഴ് നാവികരും ദല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഭാരത് മാതാ കി ജയ് എന്ന് ഉറക്കെപ്പറയാനും അവര്‍ മറന്നില്ല.
തങ്ങളെ ജയില്‍മോചിതരാക്കുകയാണെന്ന വിവരം നാവികര്‍ അവസാന നിമിഷംവരെ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. സാധനങ്ങളൊക്കെ പായ്ക്കുചെയ്ത് രാവിലെ ഒന്‍പത് മണിക്ക് കാത്തുനില്ക്കാന് അവര്‍ക്ക് ജയിലധികൃതരില്‍നിന്ന് നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. എല്ലാവരെയും വളരെ പെട്ടെന്ന് എംബസിയിലെത്തിക്കുകയും, അവിടെനിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കയറ്റിവിടുകയുമായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ദല്‍ഹിയിലെത്തുകയും ചെയ്തു. പതിനെട്ട് മാസം ഖത്തര്‍ ജയിലിലായിരുന്നു. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് മോചനം ലഭിക്കില്ലായിരുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. ഭാരതത്തോട് വലിയ സൗഹൃദം പുലര്‍ത്തുന്ന രാജ്യമല്ല ഖത്തര്‍. എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ ഭാരതവിരോധം പുറത്തെടുക്കാറുമുണ്ട്. കുറച്ചുനാള്‍ മുന്‍പ് ജ്ഞാന്‍വാപി പള്ളിയെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഒരാള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഖത്തര്‍ വലിയ കോലാഹലമുണ്ടാകുകയും, ചില ഇസ്ലാമിക രാജ്യങ്ങളെ ഭാരതത്തിനെതിരെ അണിനിരത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഭാരതീയ നാവികര്‍ക്ക് വധശിക്ഷ നല്കുന്ന വിധിയുണ്ടായത്. ഇങ്ങനെയൊരു പശ്ചാത്തലത്തിലും സ്വന്തം പൗരന്മാരെ, അതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒരു ഇസ്ലാമിക രാജ്യത്തുനിന്ന് മോചിപ്പിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ മഹത്തായ നയതന്ത്ര വിജയമാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. മാറിയ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം എത്രമാത്രം ശക്തവും ഊഷ്മളവുമാണെന്നതിനുള്ള തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: