കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ സ്വന്തം തട്ടകമായ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷില്ലോങ് ലാജോങ്ങിനെ തോല്‍പ്പിച്ചു.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഇതേ തുടര്‍ന്ന് പോയിന്റ് പട്ടികയില്‍ 23 പോയിന്റുമായി ശ്രീനിധി ഡെക്കാനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഗോകുലത്തിന് മുന്നിലുള്ള റയല്‍ കശ്മിരീനും തൊട്ടുതാഴേക്ക് ഇടിഞ്ഞ ശ്രീനിധിക്കും 23 പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസമാണ് ടീമുകളുടെ സ്ഥാനം നിര്‍ണയിച്ചത്. ഇന്നലത്തെ മത്സരത്തിനിറങ്ങും മുമ്പ് ഗോകുലം നാലാം സ്ഥാനത്തായിരുന്നു.
ഷില്ലോങ്ങിനെതിരായ ഇന്നലത്തെ വിജയത്തിലൂടെ ടീമിന് ഏവേ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനും സാധിച്ചു. സീസണില്‍ ഗംഭീര വിജയവുമായി തുടങ്ങിയ ഗോകുലത്തിന് ആദ്യ പരാജയം നേരിട്ടത് ഷില്ലോങ്ങിനെതിരായ എവേ മത്സരത്തിലാണ്. ഇന്നലെ രണ്ട് പകുതികളിലായി നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ സൗരവ്.കെ ആദ്യ ഗോള്‍ നേടി. ഗോകുലം മിഡ്ഫീല്‍ഡറാണ് സൗരവ്.
രണ്ടാം ഗോള്‍ കളിയുടെ 72-ാം മിനിറ്റിലായിരുന്നു. മാറ്റിജ ബാബോവിച് ആണ് ഗോള്‍ നേടിയത്. ടീം നായകനും സീസണില്‍ ഗോകുലത്തിന്റെ ഗോളടി വീരനുമായ അലെക്സ് സാഞ്ചസ് ആണ് ഈ ഗോളിന് വഴിയൊരുക്കിയത്. രണ്ട് ഗോളിന്റെ ലീഡ് ആയതോടെ ടീം വിജയം ഉറപ്പിച്ചു.
ടീം തുടര്‍ച്ചയായി നേടുന്ന മൂന്നാം വിജയമാണിത്. ലീഗിന്റെ ആദ്യ പകുതി അവസാനിച്ച ഡിസംബറില്‍ ശ്രീനിധി ഡെക്കാനെ 4-1ന് തോല്‍പ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിക്കെതിരായ എവേ മാച്ചില്‍ 4-2ന്റെ ഗംഭീര വിജയവും കൈവരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഷില്ലോങ്ങിനെതിരെ നേടിയ ഈ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: