റായ്‌പൂർ: ഉത്തർപ്രദേശിലേത് പോലെ കുറ്റവാളികളുടെ അനധികൃത ജംഗമ വസ്തുവകകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന പാത പിന്തുടർന്ന് ഛത്തീസ്ഗഡും. സംസ്ഥാനത്തെ ദുർഗ് ജില്ലയിലെ ഭിലായ് നഗരത്തിൽ 17 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ വീടുകളുടെ അനധികൃത നിർമാണ ഭാഗങ്ങൾ തിങ്കളാഴ്ചയാണ് അധികൃതർ ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കിയത്.
റവന്യൂ ഇൻസ്‌പെക്ടറും വില്ലേജ് ഓഫീസറും പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷനിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളായ നികേഷ് ചൗഹാൻ, സുമിത് ചൗഹാൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരുടെ ഛവാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ശാരദാപാര പ്രദേശത്തെ അനധികൃതമായി നിർമ്മിച്ച വീടുകളുടെ ഭാഗങ്ങളാണ് അധികൃതർ പൊളിച്ചുനീക്കിയത്.
ജനുവരി 21 ന് വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ 12 ക്ലാസ് വിദ്യാർത്ഥിയായ ശിവത്തെ കുത്തിക്കൊലപ്പെടുത്തിയതിന് അറസ്റ്റിലായ അഞ്ച് പേരിൽ ഇവർ പ്രതികളാണ്. തുടർന്ന് റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കുടുംബങ്ങൾ വീടുകൾ നിർമിക്കുന്നതിനിടെ അധിക ഭൂമി കൈയേറിയതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റത്തിന് ഇവർക്കു നോട്ടീസ് നൽകിയെന്നും മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അധികൃതരുടെ ഈ നടപടിയെ സ്വാഗതം ചെയ്ത ബിജെപി എംഎൽഎ റികേഷ് സെൻ, തന്റെ വൈശാലി നഗർ മണ്ഡലത്തിൽ നിയമലംഘനം നടത്തുന്നവർ സമാനമായ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നേതൃത്വത്തിൽ സംസ്ഥാനം കുറ്റകൃത്യ രഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം സംസ്ഥാനത്തെ കബീർധാം ജില്ലയിൽ പശുസംരക്ഷണ കേന്ദ്രത്തിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്കെതിരെ സമാനമായ നടപടി അധികൃതർ സ്വീകരിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: