ദുബായ്: റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു. ‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്.
ഏഴ് ദശലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കുന്ന ഈ മേള ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു. ഈ സീസണിൽ കൂടുതൽ വിനോദപരിപാടികൾ, വേദികൾ എന്നിവ ഉണ്ടാകുമെന്ന് സൗദി ജനറൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്‌ഖ് നേരത്തെ അറിയിച്ചിരുന്നു.
ബുലവാർഡ് വേൾഡ്, ബുലവാർഡ് റിയാദ് സിറ്റി, കിങ്ഡം അരീന, ടെരാസാ,വണ്ടർ ഗാർഡൻ, വയ റിയാദ്, റിയാദ് ഫുഡ് ട്രക്ക്സ് പാർക്ക്, റോഷൻ ഫ്രണ്ട്, ഗ്രോവ്സ്, റിയാദ് സൂ, സുവൈദി പാർക്ക്, സൂഖ് അൽ അവലീൻ എന്നിവയാണ് റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള 12 വ്യത്യസ്ത വിനോദ മേഖലകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: