ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുപ്പത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ഉത്തരാഖണ്ഡ് ആവശ്യപ്പെട്ടതു പ്രകാരം കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ കേന്ദ്രം പ്രദേശത്ത് വിന്യസിച്ചു.
ബന്‍ഭൂല്‍പുര ഇപ്പോള്‍ ശാന്തമാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബന്ഭൂല്പുരയിലൊഴികെ ഹല്‍ദ്വാനിയുടെ എല്ലായിടങ്ങളിലും നിരോധനാജ്ഞ പിന്‍വലിച്ചതായും നൈനിറ്റാള്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ വിശദീകരിച്ചു. സംഘര്‍ഷത്തിന്റെ ആസൂത്രകനും മദ്രസാ സ്ഥാപകനുമായ അബ്ദുള്‍ മാലിക് ദല്‍ഹിയില്‍ വച്ച് പോലീസിന്റെ പിടിയിലായെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് നൈനിറ്റാള്‍ പോലീസ് ചൂണ്ടിക്കാട്ടി.
ഹല്‍ദ്വാനിയില്‍ പൊളിച്ചു മാറ്റിയ മദ്രസ നിന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന് നിര്‍മിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. ബന്‍ഭൂല്‍പുരയില്‍ കൈയേറി വച്ചിരുന്ന ഏക്കറുകളോളം ഭൂമി സര്‍ക്കാര്‍ തിരികെ പിടിച്ചു. സംഘര്‍ഷം സര്‍ക്കാര്‍ ഒരിക്കലും സഹിക്കില്ല. ഇതിലുള്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. സംഘര്‍ഷത്തിന് പിന്നില്‍ ആരായിരുന്നാലും പിടികൂടും. മുപ്പതു പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: