കൊച്ചി: എറണാകുളം കതൃക്കടവിലെ ഇടശേരി ബാറിനു മുന്നില്‍ വെടിവയ്പില്‍ ബാര്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യം നടത്തിയവരെത്തിയ വാഹനം ഓടിച്ചിരുന്ന ആളും സഹയാത്രികരായ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്തുനിന്ന് കാറില്‍ രക്ഷപ്പെട്ട അഞ്ചംഗ അക്രമി സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.
വെടിവയ്പില്‍ ബാര്‍ മാനേജര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടില്‍ വീട്ടില്‍ ജിതിന് ജോര്‍ജ് (25), ബാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിന്‍ ജോണ്‍ (30), അഖില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുജിന്റെ വയറിലും അഖിലിന്റെ ഇടതു തുടയിലുമാണ് വെടിയുണ്ട തറച്ചുകയറിയത്. സംഭവസ്ഥലത്തുനിന്ന് ഒരു വെടിയുണ്ട പോലീസ് കണ്ടെടുത്തു. അക്രമിസംഘം സഞ്ചരിച്ച കെഎല്‍ 51 ബി 2194 നമ്പര്‍ ഫോഡ് ഫിഗോ കാര്‍ മൂവാറ്റുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു, വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു.
ഞായറാഴ്ച രാത്രി 11.30ന് ബാര്‍ അടച്ചതിനുശേഷമായിരുന്നു സംഭവം. രാത്രി ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മാനേജര്‍ ജിതിന് ജോര്‍ജുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയായിരുന്നു. മാനേജരെ ആക്രമിച്ചവരെ തടയാനെത്തിയ സുജിനെയും അഖിലിനെയും പ്രതികളിലൊരാള്‍ കൈത്തോക്കു കൊണ്ട് പലതവണ വെടിവയ്ക്കുകയായിരുന്നു. വാടകക്കാറിലാണു പ്രതികളെത്തിയതെന്നു പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: