പാലക്കാട്: മനോദൗര്‍ബല്യമുള്ള യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പതിനായിരം രൂപ പിഴയും. പെരുവെമ്പ് തോട്ടുപാടം വീട്ടില്‍ പരേതനായ പൊന്നന്റെ മകന് രാജേന്ദ്രനെ (34) വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനായക റാവു ശിക്ഷ വിധിച്ചത്.
പെരുവെമ്പ് കിഴക്കേ തോട്ടുപാടം സ്വദേശികളായ വിജയന് (53), കുഞ്ചപ്പന്‍ (64), ബാബു (50), മുരുകന് (44), മുത്തു (74), രമണന് (45), മുരളീധരന് (40), രാധാകൃഷ്ണന് (61) എന്നിവരെയാണ് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളില്‍ ഒന്‍പതു വര്‍ഷം നാലു മാസവും വെറും തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.
2010 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളിയായ രാജേന്ദ്രന് എട്ടുവര്‍ഷത്തോളം മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു. 17ന് വൈകിട്ട് പ്രതികള്‍ രാജേന്ദ്രനുമായി വഴക്കുണ്ടാക്കിയിരുന്നു. 18ന് പുലര്‍ച്ചെ പ്രതികളിലൊരാളുടെ ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ഓല ഷെഡിന് തീ വച്ചത് രാജേന്ദ്രനാണെന്ന് ആരോപിച്ചായിരുന്നു സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പുതുനഗരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന വി. ഹംസ, ജലീല്‍ തോട്ടത്തില്‍ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ ബി. രവികുമാര്‍ ഹാജരായി.
പ്രതികളിലൊരാളുടെ ബന്ധുവായ പോലീസുകാരന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 2011ല്‍ രാജേന്ദ്രന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് ഉത്തരവു നേടി. തുടര്‍ന്നാണ് എട്ടാമതായി രാധാകൃഷ്ണനെ കൂടി പ്രതിചേര്‍ത്തത്. 2014ല്‍ വിചാരണ തുടങ്ങാനായി സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സ്പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് രാജേന്ദ്രന്റെ അമ്മ രുക്മിണി അപേക്ഷ നല്കി. ഇതില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 2015ല്‍ ബി. രവികുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഒക്ടോബറില്‍ വിചാരണ ആരംഭിച്ചു. പ്രധാന സാക്ഷിയായിരുന്ന ജീപ്പ് ഡ്രൈവര്‍ വിജയന് കൂറുമാറി. കള്ളസാക്ഷി പറഞ്ഞതിന് ഇയാള്‍ക്കെതിരെ നിയമനടപടിക്ക് അപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
വിചാരണയ്ക്കു ശേഷവും കുറ്റപത്രം ശരിയല്ലെന്നും സാക്ഷികളെ വീണ്ടും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രോസിക്യൂഷന് 24 സാക്ഷികളെ വിസ്തരിച്ചു. പത്ത് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: