ഇന്ന് ഭോരോഘാട്ടി കടന്നു. തിബത്തുമായി വ്യാപാരം ചെയ്യാന്‍വേണ്ടി തൈലങ്ങ് ഘാട്ടിക്കു പോകാനുള്ള വഴി ഇതിലേ ആണ്. ‘ഹര്ഷിലത്ത’ത്തിലെ വ്യാപാരികള്‍ തടിസാധനങ്ങള് ഇതുവഴിയാണ് വില്പനയ്ക്ക് കൊണ്ടുപോകുന്നത്. മടക്കയാത്രയില്‍ അവര്‍ കമ്പിളി മുതലായ സാധനങ്ങള്‍ അവിടെനിന്നും കൊണ്ടുവരും. കഠിനമായ കയറ്റമായതുകൊണ്ട് അല്പദൂരം നടന്നു കഴിയുമ്പോള്‍ കിതയ്ക്കാന്‍ തുടങ്ങും. അതിനാല്‍ പെട്ടെന്ന് പെട്ടെന്ന് വിശ്രമം വേണ്ടിവന്നിരുന്നു.
മലയുടെ പാറയ്ക്കടിവശത്തിരുന്നു വിശ്രമിക്കയായിരുന്നു. വഴിയില്‍ മറ്റെങ്ങും വച്ച് കേട്ടിട്ടില്ലാതിരുന്നത്ര ഉച്ചത്തില്‍ ഗര്‍ജിച്ചുകൊണ്ട് ഗംഗ താഴെക്കൂടെ ഒഴുകുന്നുണ്ടായിരുന്നു. ഇവിടിത്ര ഗര്‍ജനവും, മുഴക്കവും, ആവേശവും ഇത്ര ശക്തിയായ ഒഴുക്കും എന്തുകൊണ്ടാണെന്നറിയാനുള്ള ഔത്സുക്യം വര്‍ദ്ധിച്ചു. വളരെ ശ്രദ്ധയോടെ താഴേയ്ക്കുനോക്കി. അതിദൂരം കണ്ണോടിച്ചു.
ഇരുവശങ്ങളിലുമായി തൊട്ടുരുമ്മി നില്ക്കുന്ന മലകളുടെ ഇടുക്കിലെ തീരെ വീതി കുറഞ്ഞ മാര്‍ഗത്തിലൂടെയാണ് ഗംഗ ഒഴുകുന്നത്. ഏറിയപക്ഷം പത്തോ പതിനഞ്ചോ അടി വീതികാണും. ഇത്ര വലിയ ജലരാശി ഇത്ര ഇടുങ്ങിയിടത്തുകൂടെ നീങ്ങുമ്പോള്‍ പ്രവാഹത്തിന് ഇത്രയും തീവ്രത ആവശ്യമാണ്. പിന്നെ മാര്‍ഗത്തില്‍ പാറക്കെട്ടുകളുമുണ്ടായിരുന്നു. അതിന്മേല് ആഞ്ഞുപതിച്ചതില് നിന്നുമാണ് ഭയങ്കരമായ ശബ്ദം മുഴങ്ങിയത്. ഇത്ര ഉയരത്തില്‍ പൊങ്ങിവന്ന വെള്ളം വേര്‍പെടുന്ന സമയത്ത് ഇഷ്ടികകള്‍ പോലെ കാണപ്പെട്ടു. ഗംഗയുടെ ഈ പ്രചണ്ഡമായ പ്രവാഹം കാണേണ്ടതുതന്നെ.
ഗംഗയുടെ വീതി മൈലുകളോളമുള്ള ‘സോരോ’ മുതലായ സ്ഥലങ്ങളെപ്പറ്റി ഞാന്‍ ഓര്‍ക്കുകയാണ്. അവിടങ്ങളില്‍ ഒഴുക്കു വളരെ മന്ദഗതിയിലാണ്. അവിടെ പ്രചണ്ഡതയില്ല, തീവ്രതയുമില്ല. ഇവിടെ ഈ ഇടുക്കിലൂടെ കടന്നുപോകുന്നത് കൊണ്ടാണ് ഒഴുക്കിനു ഇത്ര തീവ്രത. മനുഷ്യന്റെ ജീവിതം വിഭിന്ന മേഖലകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. സുഖമായി കഴിയുകയും ചെയ്യുന്നു. അതില്‍ വിശേഷിച്ചൊന്നും സംഭവിക്കുന്നുമില്ല. എന്നാല്‍ ഒരു വ്യക്തി പ്രത്യേക ഉദ്ദിഷ്ടസാദ്ധ്യത്തിനായി തന്റെ സകല ശക്തിയും കേന്ദ്രീകരിക്കുമ്പോള്‍ ആശ്ചര്യകരവും ഉത്സാഹവര്്ദ്ധകവുമായ ഫലങ്ങള്‍ ഉണ്ടാകുന്നതായി നാം കാണാറുണ്ട്. തന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ വിപുലീകരിച്ച് ഒട്ടേറെ കാര്യങ്ങള്‍ അപൂര്‍ണ്ണമായി ചെയ്യുന്നതിനുപകരം ഒരു പ്രവര്‍ത്തനമേഖല തിരഞ്ഞെടുത്താല്‍, ഇടുങ്ങിയ മാര്‍ഗത്തിലൂടെ ഒഴുകുമ്പോള്‍ അതീവശക്തിയോടെ ഉഛൃംഖലമായി കുതിക്കുന്ന ഈ ഗംഗയെപ്പോലെ മനുഷ്യനും മുന്നേറാനാവില്ലേ?
മാര്‍ഗത്തിലുള്ള കല്ലുകള്‍, തങ്ങളോടേറ്റുമുട്ടാന് വെള്ളത്തിനെ വിവശമാക്കുകയാണ്. ഈ സംഘര്‍ഷത്തിന്റെ ഗര്‍ജനവും ആക്രോശവുമാണ് മുഴങ്ങി കേള്‍ക്കുന്നത്. സംഘട്ടനത്തിന്റെ ഫലമായി വെള്ളം തെറിച്ചു പൊങ്ങി പഞ്ഞികൊണ്ടുള്ള കുന്നുകള്‍ പോലെ കാണപ്പെട്ടു. ജീവിതത്തില്‍ കഷ്ടപ്പാടുകളില്ലെങ്കില് വ്യക്തിയുടെ ആന്തരിക വൈശിഷ്ട്യങ്ങള്‍ പ്രകടമാകാതെ കിടക്കുകയേ ഉള്ളൂ. സംഘട്ടനം മൂലം ശക്തിനിര്മ്മിക്കപ്പെടുമെന്ന സിദ്ധാന്തം ഒരു കേവലസത്യമാണ്. നിഷ്ക്രിയരായി കഴിയുന്നവരുടേതിനേക്കാള് മെച്ചമാണ് സുഖിച്ച്, മദിച്ചു രസിച്ചുള്ള ജീവിതം എന്നു പറയാം. ക്ലേശസഹിഷ്ണുത, ക്ഷമ, തപശ്ചര്യ, പ്രതിരോധം എന്നിവയെപ്പറ്റി ഖിന്നമനോഭാവം കൂടാതെ വീരോചിത മനോഭാവത്തോടെ എന്തും അഭിമുഖീകരിക്കാനുള്ള തന്റേടം സംഭരിച്ചാല്‍, അതിന്റെ കീര്‍ത്തി, ആക്രോശത്തോടെ ഗര്ജിച്ചൊഴുകുന്ന ഈ നദിയുടെ ഗര്ജനംപോലെ ദിഗന്തങ്ങളില്‍ മുഴങ്ങിക്കേള്‍ക്കും. അവന്റെ വൈശ്യഷ്ട്യമാര്ന്ന വ്യക്തിത്വം, കുതിച്ചുപൊങ്ങുന്ന വെള്ളത്തിന്റെ കുന്നുകള്‍പോലെ കാണപ്പെടും. ഗംഗയ്ക്കു ഭയമില്ല, ആരോടും പരാതിപ്പെടുന്നില്ല, ഇടുക്കിലൂടെ കടന്നുപോകുന്നു, മാര്‍ഗതടസ്സങ്ങള്‍ കണ്ട് വ്യാകുലപ്പെടുന്നില്ല, അവയുമായി ഏറ്റുമുട്ടി തന്റെ മാര്‍ഗ്ഗം സൃഷ്ടിക്കുന്നു. നമ്മുടെയും അന്തശ്ചേതന ഇതുപോലെ പ്രബലമായ വേഗതയുള്ളതായിരുന്നെങ്കില് വ്യക്തിത്വം ഉജ്ജ്വലമാകാനുള്ള അമൂല്യസന്ദര്ഭം കൈവന്നേനെ.
നേരേയുള്ള വൃക്ഷങ്ങളും വളഞ്ഞ വൃക്ഷങ്ങളും
വഴിമദ്ധ്യേ ‘ചീഡ’ വൃക്ഷങ്ങളും ദേവദാരുവൃക്ഷങ്ങളും നിറഞ്ഞ വനം കടന്നു. ഈ വൃക്ഷങ്ങള്‍ നേരേ വളര്‍്ന്ന് ഇത്ര ഉയര്്ച്ച പ്രാപിച്ചു നില്ക്കുന്നതു കണ്ടപ്പോള്‍ മനസ്സിനു തന്നെ ഒരു പ്രസാദം. ചില മരങ്ങള്‍ക്ക് 50 അടിവരെ പൊക്കമുണ്ടായിരുന്നു. മലഞ്ചരിവില്‍ തൂണുകള്‍ നാട്ടിനിര്ത്തിയതാണോ എന്നു തോന്നുമാറ് നീണ്ടുനിവര്‍ന്നങ്ങനെ നില്പായിരുന്നു. മരങ്ങള്‍ക്ക് നല്ല ബലവും വണ്ണവും ഉണ്ടായിരുന്നു.
ഇവ കൂടാതെ തേവാര്്, ദാദര മുതലായ വളഞ്ഞു പുളഞ്ഞ വൃക്ഷങ്ങളുമുണ്ടായിരുന്നു. അവയുടെ ശാഖകള്‍ നാലു വശത്തേക്കും പൊട്ടിപ്പടര്‍ന്നു കിടന്നിരുന്നു. മരങ്ങള്‍ക്ക് വണ്ണവും കുറവായിരുന്നു. ഇവയില്‍ ചിലതൊഴികെ ബാക്കിയെല്ലാം വിറകിനാണ് ഉപകരിക്കപ്പെടുന്നത്. കോണ്ട്രാക്ടര്്മാര് ഇവ കരിയാക്കാന്‍ ഉപയോഗിച്ചിരുന്നു. ഈ മരങ്ങള്‍ ഒരുപാടു സ്ഥലം വകഞ്ഞുവയ്ക്കും. എങ്കിലും സാധാരണ ഉപയോഗത്തിനേ ഇതു പ്രയോജനപ്പെടുകയുള്ളുതാനും. ചീരവും(ചീഡം) ദേവദാരുവും ഭവനനിര്‍മ്മാണത്തിനും ഫര്‍ണിച്ചറുകള്‍ക്കും ഉപകരിക്കപ്പെടുന്നതുപോലെ ഈ വളഞ്ഞുപുളഞ്ഞ വൃക്ഷങ്ങള്‍ പ്രയോജനപ്പെടുന്നില്ല. അതുകൊണ്ട് ഇവയെ ആരും ഗൗനിക്കാറില്ല. ഇവയ്ക്ക് വിലയും വളരെ കുറവാണ്.
നീണ്ട വൃക്ഷങ്ങള്‍ അവിടവിടെയായി സ്വന്തം ശാഖകള്‍ വിടര്‍ത്തിയിരുന്നില്ല എന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. നേരെ മുകളിലേക്കു ലക്ഷ്യം വച്ചു വളര്‍്ന്നു. അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാനോ വളയാനോ പഠിച്ചില്ല. ശക്തി ഒരേവഴിക്ക് കേന്ദ്രീകരിച്ചാല്‍ ഉയര്‍ച്ച സ്വാഭാവികമായും വന്നുകൊള്ളും. ചീഡവൃക്ഷങ്ങളും ദേവദാരുവൃക്ഷങ്ങളും ഈ നയം അവലംബിച്ചു. ഈ നയത്തിന്റെ വിജയം, എല്ലാറ്റിനും മേലെയായി തങ്ങളുടെ തല ഉയര്്ത്തിപ്പിടിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. മറിച്ച് വളഞ്ഞുപുളഞ്ഞ വൃക്ഷങ്ങളോ, മനസ്സിന്റെ ചാഞ്ചല്യവും അസ്ഥിരതയും മൂലം ഒരിടത്തും ഉറപ്പോടുനില്ക്കാതെ, എല്ലായിടത്തെയും സ്വാദറിയാന്‍ ശ്രമിച്ച് ഏതുഭാഗത്താണ് കൂടുതല്‍ സുഖം കിട്ടുക, എവിടെയാണ് പെട്ടെന്ന് നേട്ടം ലഭിക്കുക എന്നറിയാനുള്ള വ്യഗ്രത അവലംബിച്ചു. പക്ഷേ ഫലമോ? ചാഞ്ചല്യം നിമിത്തം തന്നെത്തന്നെ എല്ലാവശത്തേക്കും വിഭജിച്ച്, അനേകം ശാഖകള്‍ വിടര്‍ത്തി, ചെറിയ ചെറിയ ചില്ലകള്‍കൊണ്ട് സ്വന്തം ശരീരം വിശാലത ആര്‍ജ്ജിച്ചതായി കണ്ട് പടര്‍ന്നു പന്തലിച്ചുകിടക്കുന്ന ഇത്രയധികം ശാഖോപശാഖകള്‍ തനിക്കുള്ളതില്‍ സന്തുഷ്ടരായി.
കാലം നീങ്ങിക്കൊണ്ടിരുന്നു. പാവം വേരുകള്‍, ഇത്ര അധികം ശാഖകളുടെ വളര്‍ച്ചയ്ക്കുവേണ്ടി എവിടെ നിന്നാണ് വളം വലിച്ചെടുത്തുകൊടുക്കുക? വളര്‍ച്ച നിലച്ചു. കമ്പുകള്‍ ചെറുതും വണ്ണം കുറഞ്ഞതുമായി. വൃക്ഷത്തിനും തായ്ത്തടിക്കും ബലം വച്ചില്ല. ഉയരവും വന്നില്ല. പല ഭാഗത്തേക്കായി വിഭജിക്കപ്പെട്ടാല്‍ എവിടുന്നാണ് ബലം വയ്ക്കുക? പാവം ദാദരാവൃക്ഷങ്ങളും മറ്റും എല്ലാവശത്തേക്കും ശാഖകള്പടര്ത്തി. എന്നാല്‍ വിവരമുള്ളവരാരും അവയ്ക്കു അധികം വില കല്പിച്ചില്ല. അവ ബലഹീനവും പ്രയോജനരഹിതവുമായി തള്ളപ്പെട്ടു. പലവശത്തേക്ക് തിരിഞ്ഞ് ഏതു ഭാഗത്തു നിന്നാണ് വേഗം നേട്ടം ലഭിക്കുക എന്ന തിരച്ചില്‍ ഒടുവില്‍ ബുദ്ധിശൂന്യമായി തെളിയിക്കപ്പെട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: