ന്യൂദല്‍ഹി: യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഖത്തറിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 18 മാസത്തെ തടങ്കലിനുശേഷം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പിന്നീട് തടവിലാക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സൈനികരെ ഖത്തര്‍ മോചിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.
മോദിയുടെ യുഎഇ സന്ദര്‍ശനം നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അദ്ദേഹം ഖത്തറില്‍ നിര്‍ത്തുമെന്നത് ആശ്ചര്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 13നും 14നും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) ഔദ്യോഗിക സന്ദര്‍ശനം നടത്തും. 2015നുശേഷം പ്രധാനമന്ത്രി മോദിയുടെ ഏഴാമത്തെയും കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നാമത്തെയും യുഎഇ സന്ദര്‍ശനമാണിത്.
സന്ദര്‍ശനവേളയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികള്‍ നേതാക്കള്‍ ചര്‍ച്ചചെയ്യും. പരസ്പരതാല്‍പ്പര്യമുള്ള പ്രാദേശികഅന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: