കൊളംബോ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) രാജ്യത്തിന് പുറത്തുള്ള മൂന്നാമത്തെ കാമ്പസ് ശ്രീലങ്കയിൽ സ്ഥാപിക്കാൻ സാധ്യത. ശ്രീലങ്കയിൽ ഐഐടി സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ നവംബറിൽ ധനമന്ത്രി കൂടിയായ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അവതരിപ്പിച്ച 2024 ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതി യാഥാർത്ഥ്യമാക്കാനായി ശ്രീലങ്കൻ സർക്കാർ ഐഐടി മദ്രാസുമായി ബന്ധപ്പെട്ടുവരികയാണ്. ഒരു ഉന്നതതല പ്രതിനിധി സംഘം അടുത്തിടെ ചെന്നൈ കാമ്പസ് സന്ദർശിച്ചിരുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്, കാമ്പസ് ഉടൻ വരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ പ്രതിനിധികൾ പറഞ്ഞു. ഇതിനു പുറമെ പ്രതിനിധി സംഘം കാമ്പസിലെ റിസർച്ച് പാർക്ക് സന്ദർശിക്കുകയും ഇതിന് സാധ്യതയുള്ള മേഖലകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
നേരത്തെ 2017-18 അക്കാഡമിക് സെഷനുകൾ മുതൽ മികവുറ്റ ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് ഭാരതത്തിലെ ഐഐടികളിൽ പ്രവേശനത്തിന് അവസരം നൽകുമെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ കാമ്പസിന്റെ പദ്ധതി നടപ്പായാൽ ഐഐടി മദ്രാസിന്റെ രണ്ടാമത്തെ അന്താരാഷ്‌ട്ര കാമ്പസായിരിക്കും.
ടാൻസാനിയയിലെ സാൻസിബാറിൽ ഒരു കാമ്പസ് സ്ഥാപിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു, പ്രീതി അഗല്യത്തെ ആദ്യത്തെ വനിതാ ഐഐടി ഡയറക്‌ടറായി നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഭാരതവും ടാൻസാനിയയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രമാണ് കാമ്പസ് തുറക്കുന്നതിനുള്ള വഴി തുറന്നത്.
ഇതിനു പുറമെ ഐഐടി ദൽഹിയുമായി ചേർന്ന് അബുദാബിയിൽ കാമ്പസ് സ്ഥാപിക്കാൻ യുഎഇ സർക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. കൂടാതെ രാജ്യത്ത് ഒരു കാമ്പസ് സ്ഥാപിക്കുന്നതിനായി ഐഐടിയെ സ്വാഗതം ചെയ്യാൻ യുകെയും താൽപ്പര്യപ്പെടുന്നുണ്ട്. ഇതിനോടകം തന്നെ ചില യുകെ സർവകലാശാലകൾ ഐഐടികളുമായി ചർച്ച നടത്തിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ നിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും കാമ്പസുകൾ സ്ഥാപിക്കാൻ നിരവധി ഐഐടികൾക്ക് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസം പഠിക്കാൻ കഴിയുന്ന വിദേശ സ്ഥലങ്ങളിൽ ഐഐടി കാമ്പസുകൾ തുറക്കുന്നതിനുള്ള സാഹചര്യം സുഗമമാക്കുന്നതിന് കേന്ദ്ര സർക്കാർ 17 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: