ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ജെഡിഎസിനൊപ്പം കർണാടകയെ തൂത്തുവാരാൻ ബിജെപിക്ക് വിജയ ഫോർമുല നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസുമായുള്ള സഖ്യം 28 സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പാക്കാൻ അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് വിജയ ഫോർമുല നൽകിയതായി കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര ഞായറാഴ്ച പറഞ്ഞു.
സംസ്ഥാന ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായും പാർട്ടിയുടെ മൈസൂരു ക്ലസ്റ്റർ നേതാക്കളുമായിട്ടാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ജെഡിഎസുമായി സീറ്റ് പങ്കിടൽ വ്യവസ്ഥകൾ ഇരു പാർട്ടികളുടെയും നേതൃത്വം തീരുമാനിക്കുമെന്നും കഴിക്കാഴ്ചയ്‌ക്ക് ശേഷം അമിത് ഷാ പറഞ്ഞു.
മൈസൂരു, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ ലോക്‌സഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാർട്ടിയുടെ മൈസൂർ ക്ലസ്റ്റർ. അമിത് ഷായുടെ മൈസൂർ സന്ദർശനം വിജയകരമായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളും എൻഡിഎയ്‌ക്ക് ലഭിക്കാൻ അനുകൂല സാഹചര്യമാണെന്നും വിജയേന്ദ്ര പറഞ്ഞു. നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റുന്നതിനുള്ള ഞങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അമിത് ഷാ നൽകി. എല്ലാ ബൂത്തിലും 10 ശതമാനം വോട്ട് വർധിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയതായി വിജയേന്ദ്ര പറഞ്ഞു.
അമിത് ഷായുടെ കർമപദ്ധതി ബൂത്ത് തലത്തിൽ ഫലപ്രദമായി നടപ്പാക്കിയാൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ബിജെപിക്കും ജെഡിഎസിനും വിജയിക്കാനാകുമെന്ന് യോഗങ്ങളിൽ പങ്കെടുത്ത എല്ലാ നേതാക്കൾക്കും ആത്മവിശ്വാസമുണ്ടെന്ന് വിജയേന്ദ്ര പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ട്. അമിത് ഷായുടെ സന്ദർശനം പാർട്ടി പ്രവർത്തകർക്കും നേതാക്കളിലും ആവേശം പകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് പാർട്ടി പിന്തുണച്ച സ്വതന്ത്രയായ സുമലത അംബരീഷ് ഉൾപ്പെടെ കർണാടകയിൽ നിന്നുള്ള മൊത്തം 28 ലോക്‌സഭാ സീറ്റുകളിൽ 26ലും ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. ഇപ്പോൾ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ജെഡിഎസ് അന്ന് കോൺഗ്രസുമായി ചേർന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: