ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൈന്യത്തെ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ നാല് അധിക കമ്പനികളെ വിട്ടുനല്കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധ രതൂരി കത്തിലൂടെ ആവശ്യപ്പെട്ടത്.
നൈനിറ്റാളിലെ ഹല്‍ദ്വാനിയില്‍ അനധികൃതമായി നിര്‍മിച്ച മസ്ജിദ് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാണ്. ആക്രമണത്തില്‍ ഇതുവരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് പേര്‍ അറസ്റ്റിലായെന്നും നൈനിറ്റാള്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ അറിയിച്ചു.
19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. 5000 പേരെയാണ് എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം തുടരുകയാണ്. ഇതിനായി പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഫെബ്രുവരി എട്ടിനാണ് സംഘര്‍ഷമാരംഭിച്ചത്. പിന്നാലെ അര്‍ധസൈനിക വിഭാഗത്തിന്റെ നാല് കമ്പനികളെ കേന്ദ്രം പ്രദേശത്ത് വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്‌ക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സുരക്ഷാ സേനയ്‌ക്ക് നിര്‍ദേശം നല്കി. മസ്ജിദിനോട് ചേര്‍ന്നുള്ള, മദ്രസ കെട്ടിടവും പൊളിച്ചുനീക്കി. മദ്രസ കെട്ടിടം നിര്‍മിച്ച അബ്ദുള്‍ മാലിക്കിനായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രാചരണങ്ങള്‍ നടത്താതിരിക്കാന്‍ നഗരത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ചിലയിടങ്ങളില്‍ ഇത് പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: