തിരുവനന്തപുരം: മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മതം മാത്രമല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുത്. വിഷയങ്ങള്‍ പരിഹരിക്കേണ്ടതും ജനങ്ങള്‍ക്ക് സമാധാനപരമായി കഴിയാനുള്ള സൗകര്യം ഒരുക്കേണ്ടതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
എല്ലാവര്ക്കും ആരാധനാസ്വാതന്ത്യം ഉറപ്പാക്കുന്ന ചര്‍ച്ച് ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഒരേ വിശ്വാസത്തിലും പൈതൃകത്തിലുമുള്ളവര്‍ പരസ്പരം കലഹിച്ചിട്ട് കാര്യമില്ല. സമാധാനപരമായി കഴിയേണ്ടതുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. 2017ന് ശേഷം വേദനാജനകമായ ചിലകാര്യങ്ങള്‍ സംഭവിച്ചു. ക്രിസ്തീയതയ്ക്ക് യോജിച്ച കാര്യങ്ങളല്ല അത്. സെമിത്തേരി ബില്‍ കൊണ്ടുവന്നതില്‍ സഭയ്ക്ക് നന്ദിയുണ്ട്. സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മീഡിയ സെല്‍ ചെയര്മാന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, വൈദിക ട്രസ്റ്റി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ, അത്മായ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ ഷെവലിയര്‍ ഡോ. കോശി എം. ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം സന്ദര്‍ശനത്തിന് എത്തിയ ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭ ഉജ്ജ്വല വരവേല്പ് നല്കി. പട്ടം സെ. മേരീസ് കത്തീഡ്രല്‍ ഗേറ്റിന് മുന്നില്‍ മലങ്കര കത്തോലിക്കാ സഭ കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മെത്രോപ്പൊലീത്തമാരും വൈദികരും ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: