വയനാട്: വയനാടന്‍ ജനങ്ങള്‍ ഭയന്നാണ് തെരുവിലിറങ്ങിയത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരുടെ നിരുത്തരവാദിത്വത്തെക്കുറിച്ചുള്ള ഒരു ജില്ലയുടെ നിലപാടായിരുന്നു വയനാട് കണ്ടത്. അത് മാനന്തവാടിയിലെ ഒരു യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിലുള്ള അമര്‍ഷം മാത്രമല്ലായിരുന്നു.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 909 പേര് കൊല്ലപ്പെട്ടു. 7490 പേര്‍ക്ക് പരിക്കേറ്റു. 55,839 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായി. കാര്‍ഷിക നാശനഷ്ടം 68 കോടിയുടേതാണ്. കണക്കുകള്‍ നിരത്തിയാല്‍ ഏറെയുണ്ട്. അതിനേക്കാള്‍ എണ്ണമുണ്ടാകും കാട്ടുജീവികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളുടെയും രക്ഷിക്കുമെന്ന പ്രസ്താവനകളുടെയും എണ്ണം. പക്ഷേ കടല്‍പ്പുറം ജനങ്ങളുടെയും കാടിനോട് അടുത്തുള്ള ജനതയുടെയും കാര്യം ഇങ്ങനെയാണ്. അവര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് മിച്ചം. അതില്‍ പ്രതിഷേധിച്ചായിരുന്നു ജില്ലയിലെ ജനകീയ പ്രക്ഷോഭം.
അത് ഇതുവരെയുള്ള കേരള ഭരണക്കാര്ക്കെതിരേയായിരുന്നു. പശ്ചിമഘട്ടവനം സംരക്ഷിക്കണം, അത് പ്രകൃതിക്ക് വേണ്ടിയാണെന്ന് പറഞ്ഞ ഗാഡ്ഗിലിന്റെ സമിതിയെ കല്ലെറിഞ്ഞോടിക്കാന്‍ കൈക്കരുത്തു കാണിച്ചവരില്‍ ഇന്നത്തെ ഭരണകൂടത്തിന്റെ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. പക്ഷേ, വന്യമൃഗ- മനുഷ്യ സംഘര്‍ഷം വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സഹായ സംവിധാനങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്ന വസ്തുതകള്‍ പുറത്തുവരുന്നു.
കര്‍ണാടക സര്‍ക്കാര്‍ വനം വകുപ്പിന്റെ ആനയാണ് അപകടകാരിയായി മാറിയതെന്നും അവര്‍ യഥാസമയം വിവരങ്ങള്‍ കേരളത്തിന് കൈമാറാഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഒരു ‘കാപ്സ്യൂള്‍’ സംസ്ഥാന ഭരണകൂടത്തിലെ വാര്‍ത്താ നിര്മാണക്കമ്പനിക്കാര് ഇറക്കി. പക്ഷേ, അത് ബൂമറാങ്ങാകുമെന്ന് വന്നപ്പോള്‍ പിന്‍വലിച്ചതുപോലെ മരവിപ്പിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന് വൈകിട്ട് ചോദിച്ചു, ആരു പറഞ്ഞു കര്‍ണ്ണാടകയുടെ കുറ്റമെന്ന്. അതല്ല, എന്തിനും ചാടിക്കയറി അഭിപ്രായം പറയുകയും സഹായം പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് മാനന്തവാടിക്കാര്യത്തില് സൗജന്യവും ആനുകൂല്യവും ഒന്നും പ്രഖ്യാപിക്കാത്തത് ആരെയും അതിശയിപ്പിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: