കോഴിക്കോട്: കഴിഞ്ഞ മാസം കുമ്പനാട്ടു നടന്ന ഐപിസി നൂറാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ എന്നു വിളിച്ചത് രാഷ്ട്രപതി അടക്കമുള്ളവരെയാണെന്ന് തുറന്നടിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കത്തില്‍ നിന്ന്;
കുമ്പനാട്ടെ ഐപിസി നൂറാം വാര്‍ഷിക സമ്മേളനത്തില്‍, അങ്ങ് പ്രസംഗത്തില്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ നിങ്ങളെ വേട്ടയാടാന്‍ വരുന്നുവെന്നും കരുതിയിരിക്കണമെന്നും പ്രസ്താവിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും ഞാനുള്‍പ്പെടെയുള്ള ഗവര്ണര്മാരെയുമാണ് ചെന്നായ്ക്കള്‍ എന്ന പദ പ്രയോഗത്തിലൂടെ അങ്ങ് വിവക്ഷിച്ചത്. മുഖ്യമന്ത്രി ആത്മീയ വേദിയില്‍ ഇത്തരം പ്രയോഗം നടത്തിയത് ഉചിതമായില്ലെന്ന് പലരും എന്നോട് പറഞ്ഞു.
പിറ്റേന്ന് എന്റെ അവിടുത്തെ പ്രസംഗത്തിന് മുമ്പ് പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഇതിന് ശേഷം ക്രിസ്ത്യന്‍ സഭകള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എന്നെ സ്നേഹപുരസരം മുഖ്യാതിഥിയായും ഉദ്ഘാടകനായും ക്ഷണിച്ചിരുന്നു. സ്നേഹവും വിശ്വാസവും അടുപ്പവും ഉള്ളതുകൊണ്ടാണ് എനിക്ക് ഈ അംഗീകാരം നല്‍കിയതെന്ന് കരുതുന്നു.
ഞാന്‍ പങ്കെടുത്ത ന്യൂനപക്ഷ മതസ്ഥാപനങ്ങളുടെ
ചില പരിപാടികള്‍
1. ഓര്‍ത്തഡോക്സ് സഭ ഉള്ളന്നൂര്‍ പള്ളി 125 ാം വാര്‍ഷികം.
2. ബത്തേരി സെ. മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍
3. കാഞ്ഞിരപ്പള്ളി രൂപതാ സ്കൂള്‍ സുവര്‍ണ ജൂബിലി.
4. കണ്ണംകോട് മാര്‍ത്തോമ പാരിഷ്, 130 ാമത് വാര്‍ഷികം
5. കണ്ണൂര്‍ ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍
6. കോട്ടയം ദീപിക 138 ാമത് വാര്‍ഷികം
7. പാലാ രൂപതയുടെ മെഡിസിറ്റി ബ്ലോക്ക് ഉല്‍ഘാടനം
8. മാര്‍ത്തോമ മെത്രാപ്പൊലീത്ത 75 ാമത് ജന്മദിനാഘോഷം
ഞാന്‍ പങ്കെടുത്ത മറ്റ് ചില പരിപാടികള്‍
ലിംഗായത്ത് സമുദായത്തിന്റെ സുത്തൂര്‍ മഠ രഥോത്സവം,
പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ പരിപാടി,
കോഴിക്കോട്ടെ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി ഉദ്ഘാടനം.
എല്ലാവരും ഒരേ സ്വരത്തില്‍ എന്റെ പേര് പരിഗണിച്ചത് വ്യക്തിപരമായ അംഗീകാരമെന്നതിനേക്കാള്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സര്‍വധര്‍മ സമഭാവന എന്ന മഹത്തായ ആശയത്തിനാണ് അവകാശപ്പെട്ടതെന്ന് വിശ്വസിക്കുന്നു.
ഞങ്ങളുടെ ആശയത്തെ എതിര്‍ക്കാനും വിമര്‍ശിക്കാനും ഏവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, എതിരാളികളെ ‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’ എന്ന് അപഹസിച്ചത് ശരിയല്ല. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല.
ന്യൂനപക്ഷ സംഘനകളും പ്രസ്ഥാനങ്ങളും എന്നെ പങ്കെടുപ്പിക്കുന്നത് അവര്‍ക്ക് എന്നിലും എന്റെ ആശയധാരയിലുമുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ് അങ്ങ്, പുത്തന്‍കുരിശിലെ സമ്മേളനത്തിലും ഇതേ ചെന്നായ പ്രയോഗം നടത്തി. അതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചു. ഇതു കണ്ടപ്പോഴാണ് കത്തെഴുതാന്‍ നിര്‍ബന്ധിതനായത്.
മുഖ്യമന്ത്രി എല്ലാവരേയും തുല്യമായി പരിഗണിക്കുകയും എല്ലാവര്ക്കും നീതി നല്‍കുകയും ചെയ്യേണ്ട ആളാണ്. ഇത്തരം പദപ്രയോഗങ്ങളും കുപ്രചരണങ്ങളും നടത്താതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: