ഝാബുവ: മധ്യപ്രദേശില്‍ പുതിയതായി അധികാരത്തിലെത്തിയ ഇരട്ട എന്ജിന് സര്‍ക്കാര്‍ സംസ്ഥാനത്ത് വികസനങ്ങള്‍ കൊണ്ടുവരുന്നത് ഇരട്ടി വേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഓരോ ജനങ്ങള്‍ക്കും ഈ വികസനത്തിന്റെ ഫലം ലഭിക്കും. ജനക്ഷേമത്തിനാണ് സര്ക്കാന് മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ ഝാബുവയില്‍ വനവാസി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മധ്യപ്രദേശ് സന്ദര്‍ശനം സംബന്ധിച്ച് പ്രതിപക്ഷം പല വാഗ്വാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ഝാബുവ മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് താന്‍ എത്തിയതെന്ന് ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കല്ല സേവകന്റെ രൂപത്തില്‍ ജനങ്ങളെ കാണാനെത്തിയതാണ് താന്‍.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400ല്‍ അധികം സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിലെത്തും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനങ്ങള്‍ തൂത്തെറിയും. കോണ്‍ഗ്രസ് ഇത്തവണ പരാജയപ്പെടാനുള്ള കാരണം അവര്‍ ഗ്രാമങ്ങളോടും പാവപ്പെട്ട സാധാരണക്കാരായ വ്യക്തികളോടും കാണിച്ച അവഗണനയാണ്. ഭരണം ലഭിച്ചപ്പോള്‍ വനവാസി സമൂഹത്തിനോട് അവഗണനയായിരുന്നു. വികസനത്തിനായി അവര്‍ ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗ്രാമങ്ങളേയും പാവപ്പെട്ട ജനങ്ങളെയും കര്‍ഷകരെ കുറിച്ചും ഓര്മ വരുന്നത്.
നിരവധി വര്‍ഷങ്ങളോളം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടുണ്ട്. അവസരങ്ങള്‍ ഉണ്ടായിട്ടും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താനവര്ക്കായില്ല. 100 ഏകലവ്യ സ്കൂളുകളാണ് കോണ്‍ഗ്രസ് ആരംഭിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ നാലിരട്ടി സ്കൂളുകള്‍ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരണകാലത്ത് വനവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. വനവിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് വരെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായത്. എന്നാല്‍ എന്‍ഡിഎ അധികാരത്തിലെത്തിയതോടെ വനഭൂമി നിയമത്തില്‍ ഭേദഗതി വരുത്തി. ഇത് വനവാസികള്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരികെ ലഭിക്കാന്‍ കാരണമായി.
രാജ്യം നിലവില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇരട്ട എന്ജിന് സര്‍ക്കാര്‍ അതിവേഗത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ അഭിമാനമാണ് പ്രധാനം. വികസനം ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ 7550 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രണ്ട് ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ആഹാര്‍ അനുദന്‍ യോജന പദ്ധതിക്ക് സംസ്ഥാന തലത്തില്‍ തുടക്കമിട്ടു. പിന്നാക്ക വിഭാഗത്തിലുള്ള വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ വിലവരുന്ന പോഷകാഹാരം നിറഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി.
ഗോത്ര വിഭാഗങ്ങള്‍ക്കായി താന്ത്യ മാമ ഭില്‍ സര്‍വകലാശാലയ്ക്കും തറക്കല്ലിട്ടു. 170 കോടി ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള സര്‍വകലാശാലയാണ് ഇവിടെ ഉയരുക. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 559 ഗ്രാമങ്ങള്‍ക്കായി 55.9 കോടിയുടെ ഫണ്ടും കൈമാറി. ഗ്രാമങ്ങളില്‍ അങ്കണവാടി, ന്യായവില കേന്ദ്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍. റോഡ് നിര്‍മാണം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചിട്ടുള്ളത്.
ഝാബുവയില്‍ സിഎം റൈസ് സ്കൂളിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇ ലൈബ്രറിയും സ്മാര്‍ട് ക്ലാസ് റൂമുകളും തുടങ്ങി ഡിജിറ്റല്‍ സംവിധാനങ്ങളെല്ലാം ഉള്ള അത്യാധുനിക സ്കൂളാകും ഇവിടെ ഉയരുക. അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തലവാഡ ശുദ്ധജല വിതരണ പദ്ധതിക്കും തുടക്കമായി. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ രത്ലാം, മേഘ്നഗര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: