തിരുവനന്തപുരം: നന്മയുടെ മേല്‍ തിന്മ ഒരിയ്ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്ക്കാന് സഹായിച്ചത് ഭഗവാന് നല്കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.
അഡ്വ. പ്രതാപ് ജി പടിക്കല്‍, ടീമംഗങ്ങളായ അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂര്‍, അഡ്വ. ശില്പ ശിവന് എന്നിവര്‍ ഈ കേസില്‍ നല്കിയ അകമഴിഞ്ഞ പിന്തുണയും സഹായകരമായെന്ന് ലിഷ രഞ്ജിത് പറയുന്നു. ലിഷ രഞ്ജിത് ഉള്‍പ്പെടെയുള്ള രണ്‍ജിത് ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ ശക്തമായി കേസില്‍ മൊഴി നല്‍കിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ലിഷ രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്.
“മരണം വരെ ഈ കേസില്‍ പോരാടുമെന്നത് എന്റെ തീരുമാനമായിരുന്നു. എനിക്ക് ധൈര്യം തന്നത് ഭഗവാനാണ്. ഞാന്‍ ഒരു ശിവഭക്തയാണ്. പിന്നെ ഏട്ടന്റെ സത്യം തെളിയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു.” – ലിഷ രഞ്ജിത് പറഞ്ഞു.
“മേഡം ക്ഷമിക്കണം എന്ന് പറഞ്ഞാണ് രണ്ട് മുസ്ലിം സ്ത്രീകള്‍ എത്തി. ഭഗവാന് ശ്രീകൃഷ്ണനാണ് എല്ലാറ്റിനും മുകളിലുണ്ട്. ഇത്രയും മഹാനായ ഒരു മനുഷ്യന്റെ ഭാര്യയാണല്ലോ നിങ്ങള്‍. കേസില്‍ പോയാല്‍ മേഡത്തിന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ആലോചിക്കണം. പകരം ഭഗവാനോട് അവര്‍ക്ക് ശിക്ഷ നല്കാന് പ്രാര്‍ത്ഥിക്കൂ”- എന്നായിരുന്നു അവര്‍ നല്കിയ ഉപദേശം. കേസില്‍ നിന്നും പിന്തിരിപ്പിക്കാനായിരുന്നു അവര്‍ അത് ചെയ്തതെന്നും ലിഷ രഞ്ജിത് പറയുന്നു.
സ്ഥിരമായി ആളുകള്‍ വന്ന് ഓഫീസിലേക്ക് നോക്കിനില്ക്കും. മണിക്കൂറുകളോളം. ഒരു ഭീഷണിപ്പെടുത്തലിന്റെ സ്വഭാവത്തോടെയുള്ളതായിരുന്നു അവരുടെ ഈ നോട്ടത്തിന്റെ രീതി. പിന്നെ ഒരു ദിവസം വയസ്സായ ഒരു സ്ത്രീവീട്ടില്‍ എത്തി ഉപദേശത്തിന്റെ രൂപത്തില്‍ മറ്റൊരു ഭീഷണി കൂടി നല്കി. നിങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളാണെന്നോര്‍ക്കണമെന്നും അവര്‍ എതിരാളികളുടെ കയ്യില്‍ പെടാതെ നോക്കണമെന്നും ആയിരുന്നു അവരുടെ ഉപദേശം. അതും കേസില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപദേശമായിരുന്നു. – ലിഷ രഞ്ജിത് പറയുന്നു.
പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കൊലപാതകം കഴിഞ്ഞ് 17 മാസങ്ങള്‍ക്ക് ശേഷമാണ് നടന്നതെന്നും അവരെ തിരിച്ചറിയാതിരിക്കാന്‍ എല്ലാവരും ഒരുപോലെ വേഷം കെട്ടിയാണ് വന്ന് നിന്നതെന്നും ലിഷ പറയുന്നു. “വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഒരുപോലത്തെ ചെരിപ്പും തോളില്‍ തോര്‍ത്ത് മുണ്ടും എല്ലാം ധരിച്ചാണ് പ്രതികളായവര്‍ തിരിച്ചറിയല്‍ പരേഡിനെത്തിയിരുന്നത്. നെറ്റിയിലെ പാട് മറയ്ക്കാന്‍ ചിലര്‍ മേക്കപ്പ് പോലും ചെയ്തിരുന്നു. പക്ഷെ അവര്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. “- ലിഷ രഞ്ജിത് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: