ചെറുകോല്‍പ്പുഴ: ഭാരത രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് കാരണം സനാതന ധര്‍മമാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. 112-ാമത് അയിരുര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഛിന്നഭിന്നമാകാതെ രാഷ്ട്രത്തെ ഒന്നിച്ചു നിര്‍ത്തുന്ന സനാതന ധര്‍മം ഒരു മഹത്തായ ദര്‍ശനമാണ്. ബഹുജന ഹിതായ ബഹുജന സുഖായ എന്ന് ഉദ്ഘോഷിക്കുന്ന ഹിന്ദുവിന് സങ്കുചിതമാവാന്‍ കഴിയില്ല. ഭ്രാന്താലയമെന്ന് വിളിക്കപ്പെട്ട കേരളത്തെ ആദ്ധ്യാത്മിക ഗുരുക്കളുടെ പ്രവര്‍ത്തന ഫലമായി ദൈവത്തിന്റെ സ്വന്തം നാടായി മാറ്റി. അജ്ഞതയും അന്ധവിശ്വാസങ്ങളും കൊണ്ട് ഭാരതീയ സമൂഹത്തില്‍ അടിഞ്ഞുകൂടിയ അനാചാരങ്ങളെ ആത്മീയതയുടെ വെളിച്ചത്താല്‍ ഇല്ലാതാക്കിയവരാണ് നമ്മുടെ ആചാര്യന്മാര്. കര്‍മഫലം ആഗ്രഹിക്കാതെ കര്‍മം ചെയ്യുമ്പോള്‍ ഫലം ഈശ്വരന് തന്നുകൊള്ളുമെന്ന ഗീതാവാക്യം മനസിലാക്കി ധര്‍മസംരക്ഷണത്തിന് വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍ ഓരോരുത്തരും തയ്യാറാവണം. അറിവ് തിരിച്ചറിവായി മാറ്റുന്ന അമ്മമാരില്‍ നിന്ന് പഠിക്കുമ്പോഴാണ് നാം വലിയവരാകുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സനാതന ധര്മത്തോളം സമ്പന്നമായ സംസ്കൃതി ലോകത്ത് വേറെയില്ലെന്ന് ചടങ്ങില്‍ സമാപന സന്ദേശം നല്കിയ സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. മാനവികത എല്ലാ തലത്തിലും പ്രയോഗിക്കാനും പ്രയോജനപ്പെടുത്താനുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നതെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച മന്ത്രി സജി ചെറിയാന് അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ. കെ. ജയവര്‍മ, അനിരാജ് ഐക്കര എന്നിവര്‍ സംസാരിച്ചു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: