തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും 1.72 കോടി മാസപ്പടിയായി വാങ്ങിയ കേസില്‍ പിടിക്കപ്പെടുമെന്ന് വീണാ വിജയന് ഏതാണ്ട് ഉറപ്പായെന്ന് സുജയ പാര്‍വ്വതി. അതിനാലാണ് കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐഒ യുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് തിരക്കിട്ട് കര്‍ണ്ണാടകയിലെ ഹൈക്കോടതിയിലേക്ക് ഹര്‍ജിയുമായി വീണാ വിജയന്‍ പോയതെന്നും സുജയ പാര്‍വ്വതി ആരോപിച്ചു. മനു പ്രഭാകര്‍ കുല്‍കര്‍ണി എന്ന അഭിഭാഷകനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു സുജയ പാര്‍വ്വതിയുടെ ഈ പ്രതികരണം. “2022ല്‍ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനരഹിതമായ കമ്പനിയാണ് എക്സാ ലോജിക്. ഇവര്‍ നല‍്കിയ സേവനത്തിന് കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്ലില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി മാസപ്പടിയായി 1. 72 കോടി ലഭിച്ചിട്ടുണ്ട്. ഇത് ഡിജിറ്റല്‍ കാലഘട്ടമാണ്. ഡിജിറ്റലായി നടത്തിയ ഇടപാടുകള്‍ ഡിജിറ്റലായി കാണാന്‍ സാധിക്കണം. അതിവിടെ ഇല്ല.” – സുജയ പാര്‍വ്വതി പറയുന്നു.
“മാസപ്പടി വാങ്ങിയിട്ടുണ്ടോ? സേവനമില്ലാതെ 55 ലക്ഷം നേരിട്ട് വാങ്ങിയിട്ടുണ്ടോ? 1.72 കോടി വാങ്ങിയിട്ടുണ്ടോ? അതില്‍ ഇതുവരെ ഒരു രേഖയും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. കെഎസ് ഐഡിസിയിലേക്ക് എസ് എഫ് ഐ ഒയുടെ നാല് ഉദ്യോഗസ്ഥര്‍ എത്തിയ ഉടന്‍ ഹര്‍ജിയുമായി കര്‍ണ്ണാടക ഹൈക്കോടതിയിലേക്ക് പാഞ്ഞു. സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ് ഐഡിസി) ഓഫീസില്‍ എസ് എഫ് ഐഒ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയ ഉടനെയാണ് വീണാ വിജയന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ പോയത്. എസ് എഫ്ഐഒ ഉദ്യോഗസ്ഥര്‍ 2010 മുതലുള്ള രേഖകള്‍ പരിശോധിച്ച് കഴിഞ്ഞു.” – സുജയ പാര്‍വ്വതി പറയുന്നു.
“ഭാര്യ പിരിഞ്ഞപ്പോള്‍ കിട്ടിയ പെന്‍ഷന്‍ തുക കൊണ്ടാണ് മകളുടെ എക്സാലോജിക് കമ്പനി തുടങ്ങിയത് എന്ന് പറഞ്ഞതുകൊണ്ടൊന്നും ഇതിന് മറപുടിയാവില്ല. വീണാ വിജയന്‍ ഇക്കാര്യത്തില്‍ ഉപ്പു തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. “- സുജയ പാര്‍വ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: