മാനന്തവാടി: വയനാട് പടമലയില്‍ കര്‍ഷകനായ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഖ്നയെ ഇന്ന് മയക്കുവെടി വെക്കില്ല. ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.തിങ്കളാഴ്ച രാവിലെ ദൗത്യം പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു
കൊലയാളി ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണെന്നതാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.
ആന സ്ഥാനം മാറുന്നത് മയക്ക് വെടി വയ്ക്കാനുളള സംഘത്തിന് വെല്ലുവിളിയാണ്. നേരത്തേ ആന നില്ക്കുന്ന സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കുങ്കി ആനകളുടെ സാന്നിധ്യം മനസിലാക്കി കൊലയാളി ആന നടന്നു നീങ്ങുകയായിരുന്നു.നാല് കുങ്കിയാനകളാണ് കൊലയാളി ആനയെ തളയ്ക്കാന്‍ എത്തിയിട്ടുളളത്.
ചെമ്പകപ്പാറ ഭാഗത്തുനിന്ന് ആന മണ്ണുണ്ടി ഭാഗത്തേക്ക് പോയിരുന്നു. മണ്ണുണ്ടി ഭാഗത്ത് ഫോറസ്റ്റ് റേഞ്ചറും വെറ്ററിനറി സംഘവും എത്തിയെങ്കിലും ആനയെ കാണാനാകാതെ വന്നതോടെ മടങ്ങാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മണ്ണുണ്ടിയിലെ ആള്‍പ്പാര്‍പ്പുളള പ്രദേശത്തേക്ക് രാത്രി ആന കടന്നുവരാനുളള സാധ്യതയുണ്ടെന്നും ഇതിന് പരിഹാരം കണ്ടിട്ടേ ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിക്കൂ എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയിലും നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: